കെ. ഷിന്റുലാല്‍
കോഴിക്കോട്: സംസ്ഥാനത്ത് ഏറെ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ നയതന്ത്ര സ്വര്‍ണക്കടത്തിന് പിന്നിലുള്ള സംഘം സമാന്തരടെലിഫോണ്‍ എക്സ്ചേഞ്ച് ഉപയോഗിച്ചിരുന്നതായി സൂചന. നയതന്ത്ര ബാഗേജ് വഴി കടത്തിയ സ്വര്‍ണം കൈപ്പറ്റിയവരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചില സംശയങ്ങള്‍ ഉയര്‍ന്നിരുന്നത്.
എന്നാല്‍ അന്ന് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് ഉപയോഗിക്കാനുള്ള സാധ്യതയെ കുറിച്ച് അന്വേഷിച്ചിരുന്നില്ല. അടുത്തിടെ കോഴിക്കോട് സമാന്തരടെലിഫോണ്‍ എക്സ്ചേഞ്ച് പിടികൂടിയതിന് ശേഷമാണ് നയതന്ത്ര കേസിലുള്‍പ്പെട്ടവരും ഇത് ഉപയോഗിച്ചിരിക്കാനുള്ള സാധ്യത കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സംശയിക്കുന്നത്.
സംശയാസ്പദമായി തോന്നിയ ഫോണ്‍ കോളുകളിലെല്ലാം വീണ്ടും പുന:പരിശോധന നടത്തി സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് ബന്ധം ഉറപ്പിക്കാനാണ് കസ്റ്റംസ് തീരുമാനിച്ചത്. സ്വര്‍ണക്കടത്ത് സംഘവും ഹവാല സംഘവും സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് ഉപയോഗിക്കുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ മാസം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കൊയിലാണ്ടിയില്‍ പ്രവാസിയെ തട്ടികൊണ്ടുപോയ കേസിലുള്‍പ്പെടെ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചിനു ബന്ധമുണ്ടായിരുന്നു. കൂടാതെ കൊടുവള്ളിയിലെ പല സ്വര്‍ണക്കടത്തുകാരും സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് ഉപയോഗിക്കുന്നതായുള്ള വിവരവും അന്വേഷണസംഘത്തിനു ലഭിച്ചിരുന്നു.
കോഴിക്കോട് സ്വദേശിയുടെ സിം മണിപ്പൂരില്‍ നിന്നുള്ളത്
നയതന്ത്ര സ്വര്‍ണക്കടത്തില്‍ പങ്കുള്ള കോഴിക്കോട്, കോര്പറേഷന് പരിധിയിലുള്ളയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ മണിപ്പൂര്‍ ബന്ധം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കണ്ടെത്തിയിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളുടെ സിംകാര്‍ഡ് ഉപയോഗിച്ചതാണെന്നു കരുതിയെങ്കിലും പിന്നീടുള്ള അന്വേഷണത്തില്‍ ഇതല്ലെന്നു വ്യക്തമായി.
എന്നാല്‍ സിമ്മിനെകുറിച്ച് കൂടുതല്‍ അന്വേഷിക്കാനും കസ്റ്റംസിന് സാധിച്ചില്ല. മണിപ്പൂരില്‍ നിന്നുള്ളയാളുടെ പേരിലുള്ള സിം ഉപയോഗിച്ച് കോഴിക്കോട് സ്വദേശി നയതന്ത്ര സ്വര്‍ണക്കടത്തില്‍ പങ്കാളിയായെന്ന് കസ്റ്റംസ് കരുതി. കോടതിയിലും ഇക്കാര്യം കസ്റ്റംസ് അറിയിച്ചു.
ഇയാളുടെ അയല്‍വാസിയും ബന്ധുവും കേസില്‍ പ്രതിയായിരുന്നു. നയതന്ത്ര ബാഗേജ്വഴി കൊണ്ടുവന്ന സ്വര്‍ണം വാങ്ങിയതില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്നായിരുന്നു കസ്റ്റംസിന്റെ കണ്ടെത്തല്‍. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഉള്‍പ്പെടെ ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു.
സമാന്തര എക്സ്ചേഞ്ചിലേക്ക് കസ്റ്റംസും
സംസ്ഥാനത്ത് കസ്റ്റംസ് പിടികൂടിയ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്ണക്കടത്തുള്പ്പെടെ പല കേസുകളിലെയും പ്രതികള്‍ വ്യാപകമായി സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് ഉപയോഗിച്ചിരുന്നതായി കസ്റ്റംസ്.
പിടിയിലാവുന്ന പ്രതികളുടെ കോള്ഡീറ്റൈയില് റിക്കാര്‍ഡ് പരിശോധിച്ചപ്പോള്‍ മണിപ്പൂര്‍, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലുള്ളവരുടെ പേരിലുള്ള സിംകാര്‍ഡുകളില്‍ നിന്നുള്ള കോളുകളായിരുന്നു കണ്ടിരുന്നത്.
ഇവരെ കുറിച്ച് അന്വേഷിച്ചപ്പോഴെല്ലാം കോളുകളുമായി യാതൊരു ബന്ധവുമില്ലെന്ന് കണ്ടെത്തുകയും ചെയ്തു. ഇതോടെ ഫോണ്‍ കോള്‍ വഴിയുള്ള അന്വേഷണം അവസാനിപ്പിച്ച് മറ്റു തെളിവുകള്‍ ശേഖരിക്കുകയായിരുന്നു കസ്റ്റംസ് ചെയ്തിരുന്നത്.
സമാന്തരടെലിഫോണ്‍ ഉപയോഗിച്ചാണ് സ്വര്‍ണക്കടത്ത് സംഘം പ്രവര്‍ത്തിക്കുന്നതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ പോലീസുമായി ബന്ധപ്പെട്ടു കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് കസ്റ്റംസ് തീരുമാനിച്ചത്.