മുക്കം: ഒരു ചിത്രകലാധ്യാപകന് സ്പാനറും നട്ടും ബോൾട്ടും കുറച്ച് സ്ക്രൂകളുമെല്ലാം കിട്ടിയാൽ എന്ത് ചെയ്യും… ഒട്ടും ആലോചിക്കേണ്ട കാരശേരി നെല്ലിക്കാപറമ്പ് സ്വദേശിയായ പ്രവീൺ സോപാനത്തിനാണ് കിട്ടുന്നതെങ്കിൽ അതൊരു മനുഷ്യ രൂപമായി മാറും.
രൂപം ഏതെന്നൊന്നും ചിന്തിക്കേണ്ടതില്ല. പ്രവീണിന് ഏറ്റവും ഇഷ്ടപ്പെട്ട ചലച്ചിത്ര താരമായ ജയസൂര്യയുടേത് തന്നെ. ആട് 2 എന്ന ചിത്രത്തിലെ ഷാജി പാപ്പന്റെ രൂപമാണ് ഈ യുവാവിന്റെ കരവിരുതിൽ യാതാർഥ്യമായത് കാണുമ്പോൾ അദ്ഭുതം തോന്നുമെങ്കിലും സംഗതി സത്യമാണ്.
നട്ടും ബോൾട്ടും സ്പാനറുമെല്ലാം ഉപയോഗിച്ചാണ് ഈ കലാകാരൻ ജയസൂര്യയുടെ കൊളാഷ് നിർമിച്ചിരിക്കുന്നത്. വീടിന്റെ ഒന്നാം നിലയിൽ നിലത്ത് ഈ കൊളാഷ് ഒരുക്കിയത് വെറും മൂന്ന് മണിക്കൂർ സമയം കൊണ്ടാണ്.ഇലസ്ട്രേഷൻ ആൻഡ് കൊളാഷ് മിക്സഡ് രീതിയിലാണ് ഇത് ചെയ്തിരിക്കുന്നതന്ന് പ്രവീൺ പറഞ്ഞു.
ഈ കൊളാഷ് ജയസൂര്യ ഒന്ന് കാണണമെന്നതാണ് ഈ യുവാവിന്റെ ഏറ്റവും വലിയ ആഗ്രഹം. നേരത്തെ ഉപയോഗശൂന്യമായ പേന കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ എഴുതാവുന്ന മഷിപ്പേനപേന നിർമിച്ച് ലോക റിക്കാർഡിൽ ഇടം നേടിയിട്ടുണ്ട് ഈ യുവാവ്.
ശില്പകല, മ്യൂറൽ പെയിന്റിംഗ്, കാരിക്കേച്ചർ, കൊളാഷ്, ആർട്ട് പെയിന്റിംഗ് എന്നിവ കൂടാതെ കലാസംവിധാനം, സംവിധാനം, തുടങ്ങിയ മേഖലയിലും പ്രവീൺ കഴിവ് തെളിയിച്ചിട്ടുണ്ട്.
ഇപ്പോൾ മലപ്പുറം ജില്ലയിലെ പന്തല്ലൂർ ഹയർസെക്കൻഡറി സ്കൂളിലെ ചിത്രകലാ അധ്യാപകനായി ജോലി ചെയ്തു വരികയാണ്. തന്റെ സ്കൂളിൽ അബ്ദുൽ കലാമിന്റെ അർദ്ധ കായക പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.മാളുകളിലും പാർക്കുകളിലും ആർട്ട് വർക്കുകൾ ചെയ്യുന്നതിന് പുറമെ കേരളത്തിലെ നിരവധി ക്ഷേത്രങ്ങളിലും ശില്പകലയും ചെയ്തിട്ടുണ്ട്