സ്വന്തം ലേഖകന്‍
കോഴിക്കോട്: സംസ്ഥാനത്തു പോക്സോ കേസില്‍ ഇരകളായ കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും നീതിയകലെ. ലൈംഗികമായും മറ്റും കുട്ടികളെ പീഡിപ്പിച്ചതിനു രജിസ്റ്റര്‍ ചെയ്തതില്‍ 9,650 കേസുകളാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പോക്സോ കോടതികളിലായി കെട്ടികിടക്കുന്നത്.
വര്‍ഷങ്ങളായി ഈ കേസുകളിലെല്ലാം കോടതി കയറിയിറങ്ങുകയല്ലാതെ ഇരകള്‍ക്കു നീതി ലഭിച്ചിട്ടില്ല.ഏറ്റവും കൂടുതല്‍ കേസുകള്‍ തീര്‍പ്പാകാനുള്ളത് തൃശൂരിലാണ്. 1,325 കേസുകളാണ് തൃശൂര്‍ ജില്ലയില്‍ മാത്രമായി തീരുമാനമാകാതെയുള്ളത്.
കോഴിക്കോട് 1,213 കേസും തിരുവന്തപുരത്ത് 1000 കേസുകളും കോടിതിയുടെ നീതികാത്തിരിക്കുകയാണ്. കൊല്ലം-682, പത്തനംതിട്ട-335, ആലുപ്പുഴ-516, കോട്ടയം-514, ഇടുക്കി-588, എറണാകുളം -651, പാലക്കാട്-619, മലപ്പുറം-613, വയനാട്-262, കണ്ണൂര്‍-860, കാസര്‍ഗോഡ് -472 എന്നിങ്ങനെ കേസുകളാണ് വിവിധ കോടതികളിലായി തീര്‍പ്പാകാനുള്ളത്.
പോക്സോ കോടതികളില്‍ കേസുകള്‍ തീരുമാനമാകാതെയുള്ള സാഹചര്യം കണക്കിലെടുത്ത് 28 താത്കാലിക അതിവേഗ കോടതികള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഈ കോടതികള്‍ വഴി ഒരു പരിധിവരെ കേസുകള്‍ എളുപ്പത്തില്‍ തീര്‍പ്പാക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. നിയമസഭയില്‍ നല്കിയ മറുപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യം വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന പോക്സോ കേസുകളില്‍ 4.4 ശതമാനം മാത്രമാണ് ശിക്ഷക്കപ്പെട്ടത്. 2015 നും 2019 നും ഇടയ്ക്കുള്ള ക്രൈംറിക്കാര്‍ഡ് ബ്യൂറോ രേഖകള്‍ അടിസ്ഥാനമാക്കി കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ലോക്സഭയില്‍ വ്യക്തമാക്കിയിരുന്നു.
2018 ല്‍ കേവളത്തില് 1153 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 1386 പേര് അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇതില്‍ 964 കേസുകളിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അതില്‍ തന്നെ 77 കേസുകളില്‍ 84 പേര്‍ക്ക് മാത്രമാണ് ശിക്ഷ ലഭിച്ചത് . 2019ൽ 1283 കേസുകളില്‍ 1009 പേര്‍ക്കെതിരേയാണ് കുറ്റപത്രം നല്‍കിയത്. ഇതില്‍ 40 കേസുകളില്‍ 42 പേര്‍ക്ക് മാത്രമാണ് ശിക്ഷ ലഭിച്ചത്.