പാലോട് :പടക്കംവച്ച് പന്നിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ മൂന്ന് നായ്ക്കൾ ചത്ത സംഭവത്തിൽ രണ്ടുപേർ പിടിയിൽ.
ചൂടൽ ടിനാ വിലാസത്തിൽ ബിജു (45, മൂങ്ങബിജു), മീൻമുട്ടി പൊയ്യാറ്റ് മൺപുറത്ത് തടത്തരികത്ത് വീട്ടിൽ ബിജു (40, കടമാൻ ബിജു) എന്നിവരെയാണ് പാലോട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയിൽ കുടവനാടുള്ള റബ്ബർതോട്ടത്തിൽ ഒരു വളർത്തുനായയെയും രണ്ട് തെരുവ്നായകളെയും തലതകർന്ന് ചത്തനിലയിൽ കാണപ്പെട്ടിരുന്നു.
തുടർന്ന് സ്ഥലവാസികളും പോലീസും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. ഇവരെ പിടികൂടി നടത്തിയ ചോദ്യംചെയ്യലിലാണ് പന്നികളെ കൊല്ലാൻ പദ്ധതിയിട്ടത് വെളിവായത്.
കുഴിച്ചിട്ട മൂന്ന് നായകളെ പുറത്തെടുത്ത് പാലോട് വെറ്ററിനറി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. അബീനയുടെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തി തെളിവുകൾ ശേഖരിച്ചു.
പ്രതികൾ മുമ്പും കാട്ടുപന്നിയെ കൊന്ന് ഇറച്ചിയാക്കിയതിന് ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. നെടുമങ്ങാട് ഡിവൈഎസ്പി എം. അനിൽകുമാറിന്റെ നിർദേശപ്രകാരം പാലോട് ഇൻസ്പെക്ടർ സി.കെ. മനോജ്, എസ്ഐ നിസാറുദീൻ, ജിഎസ്ഐമാരായ സാംരാജ്, അൻസാരി, എഎസ്ഐ അനിൽ, റിയാസ്, സുജു, അനൂപ്, അനീഷ്, വിനീത് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.