കൊച്ചി: ലോക്ക്ഡൗണിന്റെ മറവില്‍ വില്പനയ്ക്കായി എത്തിച്ച അരക്കിലോ കഞ്ചാവുമായി പിടിയിലായ യുവാക്കള്‍ ജോലി ചെയ്തിരുന്നത് ഐടി മേഖലയിലെന്നു പോലീസ്.
യുവാക്കളെയും ഇതരസംസ്ഥാന തൊഴിലാളികളെയും ലക്ഷ്യമിട്ടാണു പ്രതികള്‍ മയക്കുമരുന്നു വില്പന നടത്തിയിരുന്നതെന്നാണു വിവരങ്ങള്‍.
ഇവര്‍ക്കു കഞ്ചാവ് എത്തിച്ചുനല്‍കിയവരെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഐടി മേഖലയില്‍ ലഹരിമരുന്ന ഉപയോഗം വര്‍ധിക്കുന്നതായ വിവരങ്ങള്‍ നേരത്തേതന്നെ അധികൃതര്‍ക്കു ലഭിച്ചിരുന്നു. ഇതുസംബന്ധിച്ച കൂടുതല്‍ അന്വേഷണത്തിനാണ് അധികൃതര്‍ ഒരുങ്ങുന്നത്.
പോണേക്കര സ്വദേശി കൃഷ്ണനുണ്ണി (23), കണ്ണൂര്‍ സ്വദേശി അമര്‍നാഥ് (26) എന്നിവരെയാണ് തൃക്കാക്കര പോലീസ് പിടികൂടിയത്.
ഇന്നലെ പുലര്‍ച്ചെ പോലീസ് പെട്രോളിംഗിനിടെ ഭാരത് മാതാ കോളജിനു സമീപം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലൂടെ സ്കൂട്ടര്‍ തള്ളിക്കൊണ്ടു പോവുകയായിരുന്ന പ്രതികളെ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് ഇവരില്‍നിന്നും കഞ്ചാവ് പിടിച്ചെടുത്തത്.
തൃക്കാക്കര പോലീസ് സബ് ഇന്‍സ്പെക്ടര്‍ റഫീഖ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ രഞ്ജിത്ത്, അനീഷ്, ജാബിര്‍, മനോജ്, സോണി മോഹന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണു പ്രതികളെ പിടികൂടിയത്.