പന്തളം: തെരുവു നായ്ക്കള്‍ വെട്ടേറ്റനിലയില്‍ അലയുന്നത് ജനങ്ങളെ പരിഭ്രാന്തിയിലാക്കുന്നു.
തുമ്പമണ്‍, കടയ്ക്കാട് തുടങ്ങിയ പ്രദേശങ്ങളിലാണ് തെരുവുനായ്ക്കളെ ഇത്തരത്തില്‍ കണ്ടെത്തിയത്. ഇവയുടെ ചെവി, കഴുത്ത്, വയറ് എന്നിവിടങ്ങളില്‍ വെട്ടേറ്റിട്ടുണ്ട്.
മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് വെട്ടിയ രീതിയിലാണ് മുറിവുകള്‍ കാണപ്പെടുന്നത്. ഇത് ജനങ്ങളില്‍ ആശങ്ക ഉയര്‍ത്തുന്നു.
മുറിവുകള്‍ വ്രണമായി മാറുകയും അവശനിലയിലായി നായകള്‍ ചത്തൊടുങ്ങുന്നതായാണ് കണ്ടുവരുന്നത്. പഴുത്ത മുറിവുകളുമായി നായ്ക്കള്‍ അലയുന്നത് ഏറെ ദൈന്യത ഉയര്‍ത്തുന്ന കാഴ്ചയായി.
ഒപ്പം പ്രദേശത്ത് ആരോഗ്യഭീഷണിയുമുണ്ടാക്കുന്നു. ഇതാദ്യമായാണ് ഇത്തരം സംഭവം പ്രദേശത്തു കണ്ടെത്തുന്നത്. സംഭവത്തേക്കുറിച്ച് പോലീസും അന്വേഷണം തുടങ്ങി.
സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ മുമ്പ് ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെടുകയും ചില തീവ്രവാദസംഘടനകള്‍ ഇതിനു പിന്നിലുള്ളതായി സൂചന ലഭിക്കുകയും ചെയ്തിരുന്നതാണ്.