പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെ എസ് ആർ ടി സി ജീവനക്കാരുടെ ജൂലൈ മാസത്തെ ശമ്പളം മുടങ്ങി. എന്ന് ശമ്പളം വിതരണം ചെയ്യാൻ കഴിയുമെന്ന് കോർപ്പറേഷന് ഒരു നിശ്ചയവുമില്ല. കോർപ്പറേഷനിലെ ജീവനക്കാർക്ക് ശമ്പളം വിതരണം ചെയ്യാൻ 101 കോടി രൂപയോളമാണ് വേണ്ടത്.
മാസങ്ങളായിഈ തുക സംസ്ഥാന സർക്കാർ വായ്പയായി അനുവദിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത കാലം വരെ മാസാവസാന ദിവസമായിരുന്നു ശമ്പള വിതരണം .എന്നാൽ ഇപ്പോൾ ഇത് അടുത്ത മാസം അഞ്ചാം തീയതിയായി മാറിയിരുന്നു.
ഈ മാസം ആദ്യ ആഴ്ചകളിൽ തന്നെ ശമ്പളം വിതരണം ചെയ്യാൻ കഴിയുന്ന കാര്യം സംശയത്തിലാണ്.ശമ്പളം വിതരണം ചെയ്യുന്നതിനുള്ള തുകയ്ക്ക് സിഎംഡി, ഗതാഗതവകുപ്പ് സെക്രട്ടറി മുഖേനയാണ് സർക്കാരിന് അപേക്ഷ നല്കേണ്ടത്.
സർക്കാർ അനുവദിക്കുന്ന തുക ഗതാഗത വകുപ്പ് സെക്രട്ടറിയാണ് കെ എസ് ആർ ടി സി എം.ഡിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കുന്നത്. കെ എസ് ആർ ടി സി യുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകരൻ തന്നെയാണ് ഗതാഗത വകുപ്പു സെക്രട്ടറിയും.
ഈ രണ്ട് ചുമതലകളും വഹിക്കുന്ന ബിജു പ്രഭാകരൻ സംസ്ഥാനത്തിന് പുറത്താണ്.അദ്ദേഹം എത്തിയ ശേഷമേ ശമ്പള കാര്യത്തിൽ പുരോഗതി ഉണ്ടാകുകയുള്ളൂ.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി കണ്ണൂർ ജില്ലയിലെ കോവിഡ് പ്രതിരോധ, നിയന്ത്രണ പ്രവർത്തനങ്ങളുടെ ചുമതലയും ബിജു പ്രഭാകരന് നല്കിയിട്ടുണ്ട്. അദ്ദേഹം എന്ന് തലസ്ഥാനത്തെത്തുമെന്നത് കാത്തിരിക്കുകയാണ് ശമ്പളത്തിന് കേഴുന്ന ജീവനക്കാർ.