കോട്ടയം: കോവിഡ് പ്രതിസന്ധി മൂലം കോട്ടയത്ത് വീണ്ടും ആത്മഹത്യ. ഏറ്റുമാനൂരിന് സമീപം പുന്നത്തുറയിൽ ചായക്കടക്കാരൻ കടയ്ക്കുള്ളിൽ തൂങ്ങി മരിച്ചു. കറ്റോഡ് ജംഗ്ഷനിൽ ചായക്കട നടത്തിയിരുന്ന കെ.ടി.തോമസാണ് മരിച്ചത്.
ഇന്ന് പുലർച്ചെയാണ് മൃതദേഹം കടയ്ക്കുള്ളിൽ കണ്ടത്. ഷട്ടർ പൂട്ടാതെ താഴ്ത്തിയിട്ട നിലയിലായിരുന്നു. പരിസരവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കോവിഡ് പ്രതിസന്ധി മൂലം വ്യാപാരം കുറഞ്ഞതോടെ തോമസ് വലിയ വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. സാമ്പത്തിക ബാധ്യതയാകാം ജീവനൊടുക്കാൻ കാരണമെന്നാണ് കരുതുന്നത്.