കാഞ്ഞിരപ്പുഴ : കാഞ്ഞിരപ്പുഴയിൽ രാത്രിയിൽ പ്രദേശവാസികളെ ഭീതിയിലാക്കിയ നായാട്ടു സംഘത്തിലെ ഒരാളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു.
മുതുകുറിശ്ശി സ്വദേശി ഷൈനിനെ (20)യാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ അഞ്ചു പേർ ഒളിവിലാണെന്നും ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും അധികൃതർ പറഞ്ഞു.
വൈൽഡ് ലൈഫ് ആക്ട് പ്രകാരവും വനത്തിൽ അതിക്രമിച്ചു കടന്നതിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
വക്കോടൻ മലവാരം, കാഞ്ഞിരപുഴ ഡാം എന്നിവിടങ്ങളിലായിരുന്നു സംഘം നായാട്ട് നടത്തിയിരുന്നത്.
ഒരു സംഘം ആൾക്കാർ നായ്ക്കളുമായി രാത്രിയിൽ നടുറോഡിലൂടെ പോവുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
സംഘത്തെ ചിലർ നേരിട്ട് കണ്ടെങ്കിലും ഭയം കൊണ്ട് ആരും അടുത്തു ചെന്നില്ലെന്നാണ് നാട്ടുകാർ പറഞ്ഞിരുന്നത്. സംഘത്തിലെ എല്ലാവരും ആയുധങ്ങൾ കരുതിയിരുന്നതിനാൽ ആക്രമിക്കപ്പെടുമോയെന്ന ഭയമായിരുന്നു നാട്ടുകാർക്ക്.
മുഖ്യ സൂത്രധാരൻ സുന്ദരനാണെന്ന് വനപാലകർ പറഞ്ഞു. സുന്ദരന്റെ വീട്ടിൽ നിന്നാണ് മാരകായുധങ്ങൾ പിടിച്ചെടുത്തത്.
മനു, മനീഷ്, അജിൻ, അജിത് എന്നിവരാണ് ഒളിവിലുള്ളത്. പ്രതികൾക്കായി അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.