ഷൊർണൂർ: കരിങ്കൽ പാവകളെ സൃഷ്ടിക്കുന്നവരും കഷ്ടകാലത്തിൽ. ഷൊർണൂർ നഗരസഭയിൽ കവളപ്പാറ, കൂനത്തറ മേഖലകളിൽ കരിങ്കൽ പ്രവൃത്തികളിൽ അന്നം കണ്ടെത്തിയിരുന്ന ശിൽപ്പികളായ മൂപ്പൻ സമുദായക്കാരാണ് നിത്യവൃത്തിക്ക് പണമില്ലാതെ കഷ്ടത്തിലായത്.
റേഷൻ കടകളിൽ നിന്ന് ലഭിക്കുന്ന അരിയും ഗോതന്പുമുള്ളതുകൊണ്ട് അരപട്ടിണിയിലാണങ്കിലും ഇവർ ജീവിതം തള്ളിനീക്കുകയാണ്. കരിങ്കല്ലിൽ കവിത വിരിയിക്കുന്ന ഇവർ വാസ്തവത്തിൽ പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെടേണ്ടവരാണ്.
കോളനി മാതൃകയിൽ ഓരോ പ്രദേശത്തും ഇടതിങ്ങി പാർക്കുന്ന വിഭാഗക്കാരാണ് മൂപ്പൻ വിഭാഗം. കല്ല് മൂപ്പൻമാർ എന്ന പേരിലാണ് ഇവർ അറിയപ്പെടുന്നത്. നീട്ടിയും കുറുക്കിയുമുള്ള പ്രത്യകതരം ഭാഷയും ഇവർക്ക് സ്വന്തം.
കഴിഞ്ഞ കോവിഡ് കാലം മുതൽക്കെ തന്നെ ഇവരുടെ ജീവിതം ദുരിതമയമാണ്. ക്ഷേത്ര നിർമ്മാണങ്ങൾ നിലച്ചത് തന്നെയാണ് കാരണം. കരിങ്കല്ല് കിട്ടാനില്ലാത്തതും തിരിച്ചടിയായി.
ഈ കോവിഡ് കാലം കൂടി പിടിമുറുക്കിയതോടെ ഇവർ ശരിക്കും വലഞ്ഞു. കരിങ്കല്ലിലുള്ള ജോലികളല്ലാതെ മറ്റൊന്നും വശമില്ലാത്തവരാണ് ഇവരിലധികവും.
കല്ലിന്റെ വില കൂടുകയും പണികൾ കുറയുകയും ചെയ്തതോടെയാണ് ഇവരുടെ ജീവിതം പ്രതിസന്ധിയിലായത്.കല്ലിൽ ശില്പചാരുതകൾ പകർന്ന കൈകളിന്ന് ഏതു തൊഴിലിനും തയ്യാറായി നിൽക്കുകയാണ്.
കവളപ്പാറ, മീറ്റ്ന, പനമണ്ണ മേഖലയിൽ 250-ലേറെ പേരാണ് കൊത്തുപണികൾ ചെയ്ത് ജീവിക്കുന്നത്. പാരന്പര്യമായി ശില്പനിർമാണം നടത്തുന്നവരാണ് അധികവും.
ക്ഷേത്രനിർമാണങ്ങളും പുനഃപ്രതിഷ്ഠകളും ഇല്ലാതായതോടെ പ്രതിസന്ധി വർദ്ധിച്ചു. ശില്പ നിർമാണത്തിനായി കൃഷ്ണശില കല്ലുകളാണ് ഉപയോഗിക്കുന്നത്.
കല്ലെടുക്കുന്നതിനും നിയന്ത്രണങ്ങൾ വന്നതോടെ ലഭിച്ച പണികൾ പോലും ചെയ്യാനായില്ല. 7000 രൂപയുണ്ടായിരുന്ന ഒരുലോഡ് കല്ലിന് ഇപ്പോൾ 10,000 വരെയാണ് വില ഈടാക്കുന്നത്.
പള്ളം, ദേശമംഗലം, തൊഴുപാടം, പൈങ്കുളം ഭാഗങ്ങളിലാണ് കൃഷ്ണശിലകൾ കൂടുതൽ ഉള്ളത്. തെരഞ്ഞെടുത്ത കല്ലുകൾ പരിശോധിച്ച് ദ്വാരങ്ങളുണ്ടാക്കി ഉളികൾ വെച്ചാണ് പൊട്ടിച്ചെടുക്കുന്നത്.
എന്നാൽ, നാട്ടുകാരുടെ എതിർപ്പുമൂലം പല സ്ഥലങ്ങളിലും പൊട്ടിച്ചെടുക്കൽ ബുദ്ധിമുട്ടിലാക്കുന്നു. ഇതോടെ തമിഴ്നാട് മയിലാടി ഭാഗത്തുനിന്ന് കല്ലുകൾ കൊണ്ടുവരേണ്ട അവസ്ഥ വന്നു.
ശില്പനിർമാണത്തിന് ലൈസൻസ് എടുക്കാൻ അമിത ചെലവ് വരുന്നതും ഇവരെ ബുദ്ധിമുട്ടിക്കുന്നു. തൊഴിലില്ലാതെ ഭാവിയെ നോക്കി നെടുവീർപ്പിട്ട് കഴിയുകയാണ് ഇവർ.