മംഗലം ശങ്കരൻകുട്ടി
ഷൊർണൂർ: ജില്ലയിൽ പ്രധാന നഗരങ്ങളിൽ ദുബായ് മോഡൽ ആളില്ലാ ഹൈടെക് പോലീസ് സ്റ്റേഷനുകൾ നിലവിൽ വരും.
24 മണിക്കൂറും പ്രവർത്തനക്ഷമമായ അത്യന്താധുനിക ഹൈടെക് പോലീസ് സ്റ്റേഷനുകൾ ആരംഭിക്കാനാണ് ആഭ്യന്തരവകുപ്പിന്റെ തീരുമാനമെന്നാണ് സൂചന.
പൊതുജനങ്ങൾക്ക് പരാതി നൽകാൻ ആളില്ല വെർച്വൽ പോലീസ് സ്റ്റേഷനുകൾ പ്രധാന നഗരങ്ങളിൽ ആരംഭിക്കാൻ നടപടികൾ ആയതായാണ് വിവരം.പൂർണമായും കടലാസ് രഹിതമായിട്ടായിരിക്കും ഈ പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം.
പോലീസ് സേനയെ ആധുനികവൽകരിക്കുന്നതിന്റെ ഭാഗമായി അനുവദിക്കപ്പെട്ട 175 കോടി രൂപ ചെലവിലാണ് പോലീസ് സ്റ്റേഷനുകൾ ആരംഭിക്കുന്നത്.പോലീസ് സ്റ്റേഷനിൽ സ്ഥാപിച്ച ടച്ച് സ്ക്രീൻ കിയോസ്കുകൾ വഴി പരാതികൾ നൽകാവുന്നതാണ്. സെർവറുകൾ വഴി ഇത് അടുത്തുള്ള പോലീസ് സ്റ്റേഷനുകളിലോ കണ്ട്രോൾ റൂമിലോ എത്തും.
പരാതി സ്വീകരിച്ചെന്ന സന്ദേശം പരാതിക്കാരന്റെ ഫോണിലേക്ക് എത്തുകയും ചെയ്യും. സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെടുന്ന രീതിയിലായിരിക്കും ഇതിന്റെ നെറ്റ്വർക്ക് സംവിധാനം ഉപയോഗപ്പെടുത്തുക.പരാതികൾ കിട്ടിയാൽ കണ്ട്രോൾ റൂമിൽ നിന്ന് എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും ഇതിന്റെ പകർപ്പുകൾ എത്തും.
ഏത് സ്റ്റേഷൻ പരിധിയിൽ നിന്നാണ് പരാതി കിട്ടിയതെന്ന് കണ്ടെത്താനും കഴിയും.പോലീസ് സ്റ്റേഷനുകളിൽ എത്താതെ തന്നെ ഓണ്‍ലൈനായി വിവിധ സേവനങ്ങൾ നൽകുന്നതിന് തുണ പോർട്ടൽ ഇപ്പോൾ തന്നെ പ്രവർത്തനക്ഷമമാണ്.
ഓണ്‍ലൈൻ പരാതികളുടെ തൽസ്ഥിതി അറിയാനും രജിസ്റ്റർ ചെയ്ത കേസുകളുടെ എഫ്ഐആർ പകർപ്പ് ലഭിക്കാനും പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റിന് അപേക്ഷിക്കാനും തുണ പോർട്ടൽ സംവിധാനം വഴി സാധിക്കുന്നുണ്ട്.
പോലീസ് സ്റ്റേഷനുകൾ അടിമുടി പരിഷ്കരിക്കുകയും ഇതുവഴി പോലീസ് സേനയിൽ കാതലായ പരിഷ്ക്കാരങ്ങൾ വരുത്തുന്നതിനും കാര്യമായ നടപടികൾ വരുന്നുണ്ട്.
ഇതിന്റെ തുടർച്ചയായാണ് ആളില്ലാ ഹൈടെക് പോലീസ് സ്റ്റേഷനുകൾ ആരംഭിക്കുന്നത്. പാലക്കാട് ജില്ലയിലെ പ്രധാന നഗരങ്ങളിൽ ഈ സംവിധാനം നടപ്പാക്കും എന്നാണ് പ്രധാനപ്പെട്ട കാര്യം.
ഇതിനുപുറമേ നിലവിലുള്ള പോലീസ് സ്റ്റേഷനുകൾ ആധുനികവൽക്കരിക്കുന്നതിനുള്ള നടപടികളും നടന്നു വരുന്നുണ്ട്.