സ്വന്തംലേഖകന്‍
കോഴിക്കോട് : അഴിമതി ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണം പാണക്കാട്ടെത്തിയ സാഹചര്യത്തില്‍ ആടിയുലഞ്ഞ് മുസ്ലീം ലിഗ്. പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരേ രൂക്ഷവിമര്‍ശനവുമായി പാണക്കാട് ഹൈദരലി തങ്ങളുടെ മകന് മുഈന്‍ അലി തങ്ങള്‍ രംഗത്തെത്തിയതോടെയാണ് മുസ്ലീം ലീഗില്‍ പ്രതിസന്ധി രൂക്ഷമായത്.
അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായ കുഞ്ഞാലിക്കുട്ടിക്കെതിരേ പാണക്കാട് തറവാട്ടില്‍ നിന്നു തന്നെ പ്രതിഷേധമുയര്‍ന്നത് പ്രവര്‍ത്തകരിലും പ്രതിധ്വനിച്ചിട്ടുണ്ട്.കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരേ പ്രവര്‍ത്തകരില്‍ നിന്ന് ഇതിനകം തന്നെ അമര്‍ഷം ഉയര്‍ന്നു തുടങ്ങി.
പ്രതിഷേധം ആളിപ്പടര്ന്നാല് മുസ്ലീംലീഗി അടിത്തറ വരെ ഇളകും. ഈ സാഹചര്യത്തില്‍ പ്രവര്‍ത്തകരെ ഒപ്പം നിര്‍ത്തുന്ന ഫോര്‍മുലയാണ് നേതൃത്വം സ്വീകരിക്കാനൊരുങ്ങുന്നത്. പരസ്യവിമര്‍ശനം ഉന്നയിച്ച മുഈന്‍ അലിക്കെതിരേ പാര്‍ട്ടി സ്വീകരിക്കുന്ന നിലപാടെന്തന്നറിയാനുള്ള കാത്തിരിപ്പിലാണ് അണികള്‍ .
പരസ്യപ്രസ്താവന പാടില്ലെന്നതില്‍ ഉറച്ചു നില്ക്കുന്ന പാര്‍ട്ടിയാണ് ലീഗ്. ഇത് ലംഘിച്ച ഹൈദരലി തങ്ങളുടെ മകനെതിരേ നടപടി സ്വീകരിച്ചില്ലെങ്കില്‍ അതും വിവാദമായി മാറും. അതേസമയം അഴിമതി തുറന്ന് പറഞ്ഞതിന്റെ പേരില്‍ നടപടിയെടുത്താന്‍ രാഷ്ട്രീയ എതിരാളികളും അത് ആയുധമാക്കാനുള്ള സാധ്യതയേറെയാണെന്നാണ് ലീഗ് നേതൃത്വം കരുതുന്നത്.
ഇതോടെ മുസ്ലീംലീഗ് കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. പാണക്കാട് കുടുംബം തന്നെ പരസ്യമായി കുഞ്ഞാലിക്കുട്ടിക്കെതിരേ രംഗത്തു വന്നതു രാഷ്ട്രീയ കേന്ദ്രങ്ങളെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്. പാർട്ടിയിൽ കുഞ്ഞാലിക്കുട്ടി ഒറ്റപ്പെടുമോയെന്നുള്ള ആശങ്കയും അദ്ദേഹത്തിന്റെ അനുയായികൾക്കുണ്ട്.
എല്ലാറ്റിനും കാരണം …
ഹൈദരലി തങ്ങള്‍ക്ക് ഇഡി നോട്ടീസ് ലഭിക്കാന്‍ കാരണം കുഞ്ഞാലിക്കുട്ടിയാണെന്നാണ് മുഈന്‍ അലി തങ്ങള്‍ ആരോപിച്ചത്. പാണക്കാട് കുടുംബത്തില്‍ നിന്ന് ചരിത്രത്തിലാദ്യമായാണ് മുസ്ലീം ലീഗ് നേതാവിനെതിരേ ഇത്തരത്തിലുള്ള ആരോപണം ഉയരുന്നത്.
ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹാരിക്കാന്‍ കുഞ്ഞാലിക്കുട്ടി ഇടപെട്ടില്ലെന്നാണ് പ്രധാന ആരോപണം. നാലു പതിറ്റാണ്ടായി ഫണ്ട് കൈകാര്യം ചെയ്തത് കുഞ്ഞാലിക്കുട്ടിയാണ്. പാര്‍ട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയെന്നും പിതാവ് പാണക്കാട് ഹൈദരലി തങ്ങള്‍ കടുത്ത മാനസിക സമ്മര്ദ്ധത്തിലാണെന്നുമാണ് മുഈന്‍ അലി തങ്ങള്‍ പറഞ്ഞത്.
അന്ന് തടയിട്ടു…ഇന്ന് അണപൊട്ടി
കഴിഞ്ഞാഴ്ച കോഴിക്കോട് നടന്ന ലീഗ് സംസ് ഥാന ഭാരവാഹികളുടെയും നിയമസഭ പാര്‍ട്ടിയുടെയും യോഗത്തില്‍ ചില പാര്‍ട്ടി നേതാക്കള്‍ കുഞ്ഞാലിക്കുട്ടിക്കെതിരേ ആരോപണം ഉയര്‍ത്തിയിരുന്നു. പാണക്കാട് ഹൈദരലി തങ്ങളെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തിട്ടില്ലെന്ന് പറഞ്ഞ് ആരോപണത്തിന് അന്ന് തടയിടുകയായിരുന്നു.
എന്നാല്‍, കഴിഞ്ഞദിവസം ഇ.ഡി വീണ്ടും ഹൈദരലി തങ്ങള്‍ക്ക് നോട്ടീസ് നല്‍കിയത് പാര്‍ട്ടി വേദികളില്‍ കടുത്ത അമര്‍ഷമുണ്ടാക്കി. ഇതിനിടെയാണ് മുഈനലി തങ്ങള്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചത്. കുഞ്ഞാലിക്കുട്ടിയെയും മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരേയും ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.
പാര്‍ട്ടിയുടെ മുഖപത്രമായ ചന്ദ്രിക പത്രത്തെ ഇത്തരത്തില്‍ ഉപയോഗപ്പെടുത്തിയത് അണികളില്‍ കടുത്ത എതിര്‍പ്പിനാണ് വഴിയൊരുക്കുന്നത്. പത്രത്തെ ഇതിലേക്ക് വലിച്ചിഴച്ചതിലൂടെയാണ് മുസ്ലിം പ്രിന്റിങ് ആന്റ് പബ്ലിഷിങ് ലിമിറ്റഡ് കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമെന്ന നിലയില്‍ ഹൈദരലി തങ്ങളിലേക്ക് അന്വേഷണം എത്തിയത്.