പാന്പാടി: വഴിയോര പഴക്കച്ചവട സ്റ്റാളുകളിലെ കൗതുകമായ ഡ്രാഗണ്‍ ഫ്രൂട്ട് പാന്പാടിയിൽ പുതുമയുള്ള കാഴ്ചയാകുന്നു.
പാന്പാടി എംജിഎം സ്കൂളിനു സമീപം റിട്ടയേർഡ് മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ വാലയിൽ ചാക്കോയാണ് നൂറോളം ഡ്രാഗണ്‍ ഫ്രൂട്ട് ചെടികൾ പരിപാലിക്കുന്നത്.
ഒരുതവണ വിളവെടുപ്പ് നടത്തിയ കായ്കളെല്ലാംതന്നെ പരിചയക്കാർക്കും ബന്ധുക്കൾക്കും നൽകുകയായിരുന്നു.
കായ് ഒന്നിന് 400 ഗ്രാം തൂക്കം വരും. അമേരിക്കൻ ബ്യൂട്ടി എന്ന ഇനമാണു തിരുവനന്തപുരം മൈലാമൂടുള്ള വിജയൻ എന്ന സഹപ്രവർത്തകനിൽനിന്നും ശേഖരിച്ചു കൃഷി ചെയ്തുവരുന്നത്.
ഏപ്രിൽ – ജൂണ്‍ മാസങ്ങളിൽ പൂവിട്ട് ജൂലൈ – ഡിസംബർ മാസങ്ങളിൽ കായ് ലഭിക്കുന്നതാണ് ഡ്രാഗണ്‍ ഫ്രൂട്ടിന്റെ വിളവെടുപ്പ് കാലം.
അകക്കാന്പിനു ചുവന്ന നിറമുള്ള ഇനമാണു ചാക്കോ കൃഷി ചെയ്യുന്നത്.
കൃഷി വകുപ്പിന്റെ എസ്എച്ച്എം പദ്ധതിയിൽ ഉൾപ്പെടുത്തി കൂടുതൽ സ്ഥലത്തേക്കു കൃഷി വ്യാപിപ്പിക്കാനൊരുങ്ങുകയാണു ചാക്കോ.
ഡ്രാഗണ്‍ ഫ്രൂട്ട് തോട്ടം പാന്പാടി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ലെൻസി തോമസ്, പാന്പാടി കൃഷി ഓഫീസർ പ്രവീണ്‍, കൃഷി അസിസ്റ്റന്റ് ബൈജു, സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ ഉദ്യോഗസ്ഥ ലിജു എന്നിവർ സന്ദർശിച്ചു കൃഷി വിലയിരുത്തി.