നെടുമങ്ങാട് : അറുപത്തിയാറാം വയസിലും യുവത്വത്തിന്റെ പ്രസരിപ്പോടെ മണ്ണിൽ പൊന്നുവിളയിക്കുകയാണ് നെടുമങ്ങാട് ചെല്ലാംകോട് മനുമന്ദിരത്തിൽ തിമത്യൂസ്.
ചീരയും വെണ്ടയും പടവലവും എന്നുവേണ്ട ദൈനംദിന ജീവിതത്തിന് ആവശ്യമായ എല്ലാവിധ പച്ചക്കറികളും ഏക്കറുകളോളം പടർന്നുകിടക്കുന്ന കൃഷിയിടങ്ങളിൽ തിമത്യൂസ് വിളയിക്കുന്നു.
പഠന കാലം മുതൽക്കുതന്നെ കൃഷിയെ സ്നേഹിച്ച ഈ കർഷകൻ അറിവുള്ള പ്രായം മുതൽ തുടങ്ങിയതാണ് പച്ചക്കറി കൃഷി.
പാട്ടത്തിനെടുത്ത പറമ്പിൽ ചാണകപ്പൊടിയും കോഴിക്കാരവും പച്ചിലവളവും ഉപയോഗിച്ചാണ് കൃഷിനടത്തുന്നത്.
താൻ പാകിയ വിത്ത് മുളപ്പിക്കുന്നതിലുള്ള കൗതുകം ഈ കർഷകൻ മറ്റുള്ളവർക്കും പകർന്നു നൽകിയിട്ടുണ്ട്.
മറ്റുള്ളവർക്ക് കൃഷിയിറക്കാനുള്ള വിത്തുകൾ നൽകിയും തൈകൾ നൽകിയും ഒപ്പം നിന്ന് നല്ല വിളവുകൾ ലഭിക്കുന്നതിനു വേണ്ടിയുള്ള മാർഗ നിർദേശം നൽകാനും ഇദേഹത്തിന് യാതൊരു മടിയുമില്ല.
വൈവിധ്യമാർന്ന വിള ശേഖരങ്ങൾക്ക് പ്രധാന ഉപദേഷ്ടാവാകുന്നതും വേണ്ട സഹായങ്ങൾ നൽകുന്നതും നെടുമങ്ങാട് നഗരസഭ കൃഷി ഓഫീസർ ടി സജിയാണ്.
മരച്ചീനി വിവിധയിനം വാഴ, കത്തിരി, പടവലം, മധുരക്കിഴങ്ങ്,കോവൽ വെണ്ട, ചേന, വിവിധയിനം മുളകുകൾ, പയറുകൾ, എന്നിവയെല്ലാം നാട്ടുകാർക്ക് മാർക്കറ്റ് വിലയിൽ നിന്നും താഴ്ത്തി നൽകുകയും ബാക്കിവരുന്നവ മാർക്കറ്റിൽ എത്തിച്ച് കച്ചവടം നടത്തുകയും ചെയ്യുന്ന തിമത്യൂസ് എന്ന കർഷകൻ അക്ഷരാർഥത്തിൽ ഒരു മാതൃകാ കർഷകൻ തന്നെയാണ്.