റെനീഷ് മാത്യു
കണ്ണൂർ: കാരായിമാരുടെ കണ്ണൂരിലേക്കുള്ള മടങ്ങിവരവ് സിപിഎമ്മിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ സൃഷ്ടിക്കും.
ഫസൽവധക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏഴുവർഷമായി കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന കോടതിയുടെ ജാമ്യവ്യവസ്ഥകളിൽ ഇളവുകൾ ലഭിച്ചതോടെ മൂന്നുമാസത്തിനുള്ളിൽ കാരായി രാജനും കാരായി ചന്ദ്രശേഖരനും കണ്ണൂരിലെത്തും.
ഇവർ മടങ്ങിയെത്തുന്നതോടെ കണ്ണൂരിൽ സിപിഎം നേതൃതലത്തിലും അഴിച്ചുപണിയുണ്ടായേക്കും.
നിലവിൽ സിപിഎം മുൻ ജില്ലാ സെക്രട്ടറി പി.ജയരാജൻ, മുൻ മന്ത്രി ഇ.പി.ജയരാജൻ എന്നിവർ പാർട്ടിയിൽ സജീവമല്ല.
നിലവിലെ ജില്ലാ സെക്രട്ടറി എം.വി. ജയരാജനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി വീണ്ടും നിയമിച്ചേക്കും.
കഴിഞ്ഞ ഇടതുസർക്കാരിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് കണ്ണൂർ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റെടുത്തപ്പോഴാണ് സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള വിവാദങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടന്നത്.
കോവിഡ് നിയന്ത്രണങ്ങളിലുള്ള സർക്കാരിന്റെ നയങ്ങൾ സിപിഎമ്മിലെ ഒരുവിഭാഗത്തിൽ കടുത്ത പ്രതിഷേധമാണ് സൃഷ്ടിച്ചിരിക്കുന്നത്.
കെ.കെ.ശൈലജ എംഎൽഎ പ്രതിഷേധം പരസ്യമായി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അതിനാൽ എം.വി.ജയരാജൻ തലസ്ഥാനത്തേക്കു പോയാൽ കാരായിമാരിൽ ഒരാൾ ജില്ലാ നേതൃതലത്തിലേക്ക് വന്നേക്കാം.
പുനരന്വേഷണം, ജാമ്യഇളവുകൾ; സിപിഎമ്മിന്റെ രാഷ്ട്രീയ വിജയം
രാഷ്ട്രീയപരമായി സിപിഎമ്മിനെ ഏറെ പ്രതിരോധത്തിലാക്കിയ ഒന്നായിരുന്നു എൻഡിഎഫ് പ്രവർത്തകൻ ഫസലിന്റെ കൊലപാതകം.
2006 ഒക്ടോബർ 22നാണ് തലശേരി സെയ്ദാർ പള്ളിക്കു സമീപം ഫസൽ കൊല്ലപ്പെട്ടത്. ഫസൽ വധക്കേസുമായി ബന്ധപ്പെട്ട് 2012 ജൂൺ 12ന് സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് അന്നത്തെ സിപിഎം തലശേരി ഏരിയ സെക്രട്ടറിയായ കാരായി രാജനെയും സിപിഎം തിരുവങ്ങാട് ലോക്കൽ സെക്രട്ടറി കാരായി ചന്ദ്രശേഖരനെയും പ്രതിയാക്കിയത്. 2012 ജൂൺ 22ന് ഇരുവരും കോടതിയിൽ ഹാജരായി.
തുടർന്ന് ഒന്നരവർഷം ജയിൽവാസം. 2013 നവംബറിൽ ജാമ്യം അനുവദിച്ചെങ്കിലും ജാമ്യവ്യവസ്ഥകൾ കർശനമായിരുന്നു.
സാക്ഷികളെ സ്വാധീനിച്ചേക്കാമെന്ന സാധ്യത കണക്കിലെടുത്താണ് എറണാകുളം ജില്ല വിട്ടുള്ള സഞ്ചാരസ്വാതന്ത്ര്യം സിബിഐ നിർദേശപ്രകാരം കോടതി വിലക്കിയത്.
ഇതിനിടയിൽ 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കാരായി രാജൻ പാട്യം ഡിവിഷനിൽനിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുകയും 21,602 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റെങ്കിലും ഓരോ തവണയും കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് യോഗത്തിനെത്തിയത്. മുഴുവൻ സമയം ജില്ലയിൽ തുടരാനാകാത്തതിനാൽ സ്ഥാനമൊഴിയേണ്ടി വന്നു.
2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ തലശേരി നഗരസഭയിലേക്കു ജയിച്ച കാരായി ചന്ദ്രശേഖരൻനഗരസഭ ചെയർമാനായി തെരഞ്ഞടുക്കപ്പെട്ടിട്ടും ജില്ലയിൽ തുടരാനാകാത്തതിനാൽ സ്ഥാനമൊഴിയുകയായിരുന്നു.
ഇതിനിടയിലാണ് മാഹി ചെമ്പ്രയിലെ ആർഎസ്എസ് പ്രവർത്തകൻ കുപ്പി സുബീഷ് ഫസൽ വധത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന സുപ്രധാന വെളിപ്പെടുത്തൽ നടത്തിയത്.
2016 നവംബർ 20നായിരുന്നു തുറന്നുപറച്ചിൽ. സിപിഎം പടുവിലായി ലോക്കൽ കമ്മിറ്റി അംഗം പാതിരിയാട് വാളാങ്കിച്ചാലിലെ കെ മോഹനൻ വധക്കേസിൽ അറസ്റ്റിലായ സുബീഷ് ചോദ്യംചെയ്യലിനിടെയാണ് ഫസൽ വധക്കേസിൽ പങ്കെടുത്തെന്ന് സമ്മതിച്ചത്.
സുബീഷിന്റെ വെളിപ്പെടുത്തലുകളും മറ്റു തെളിവുകളും സഹിതം ഫസലിന്റെ സഹോദരീഭര്‍ത്താവ് അബ്ദുള്‍ സത്താര്‍ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് സിബിഐയെ സമീപിക്കുകയും തുടരന്വേഷണം ആവശ്യപ്പെട്ട് 2017 ല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തു.
തുടരന്വേഷണം നടത്താന്‍ കഴിഞ്ഞമാസം ഏഴിന് ഹൈക്കോടതി ഉത്തരവിട്ടപ്പോൾ ഫസല്‍ കേസില്‍ സിപിഎമ്മിന്റെ ആദ്യവിജയമായിരുന്നു ഇത്.