സ്വന്തം ലേഖകൻ
തൃശൂർ: ലോകത്തിനു മുന്നിൽ, നിങ്ങൾ കേവലം ഒരു വ്യക്തി മാത്രമായിരിക്കാം. എന്നാൽ, നിങ്ങളുടെ മാതാപിതാക്കൾക്കു നിങ്ങളാണു ലോകം എന്ന ഓർമപ്പെടുത്തലോടെ സ്കൂട്ടർ എന്ന ഹ്രസ്വചിത്രം കാഴ്ചക്കാരിലെത്തി.
തൃശൂർ സിറ്റി പോലീസ് അവതരിപ്പിച്ചിട്ടുള്ള ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്തതു നിരവധി ഹ്രസ്വ ചിത്രങ്ങളിലൂടെ പ്രശസ്തനായ സിവിൽ പോലീസ് ഓഫീസർ കൂടിയായ അരുണ്‍ കുന്നന്പത്താണ്.
പ്രായമായ അച്ഛനെ വൃദ്ധസദനത്തിലാക്കാനും പഴക്കംചെന്ന സ്കൂട്ടറിനെ വിൽക്കാൻ ശ്രമിക്കുകയും ചെയ്യുന്ന മകനിലൂടെയാണു കഥ മുന്നോട്ടുപോകുന്നത്.
ശബ്ദ സാന്നിധ്യം മാത്രമായി നടൻ ശ്രീജിത്ത് രവി ഈ ചിത്രത്തിലുണ്ട്. പഴക്കംചെന്ന സ്കൂട്ടറിന്റെ ഓർമകളും മനോഗതങ്ങളും വേദനകളും സന്തോഷം നിറഞ്ഞ നിമിഷങ്ങളും എല്ലാം ശ്രീജിത്ത് രവിയുടെ വ്യത്യസ്തമായ ശബ്ദ അവതരണത്തിലൂടെ ആസ്വാദകരിലേക്കെത്തിക്കാൻ സാധിച്ചിട്ടുണ്ട്.
പ്രശസ്ത സിനിമാ സംവിധായകനും കാമറാമാനുമായ സുധീപ് ഈയെസാണ് സ്കൂട്ടറിന്റെ കാമറയും എഡിറ്റിംഗും നിർവഹിച്ചത്.
റിജോഷ് ആലുവയാണു സ്കൂട്ടറിനു പശ്ചാത്തലസംഗീതം ഒരുക്കിയത്. പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥരായ സുഭാഷ് പോണോളി, കെ.ജിജേഷ്, പി. എൻ. സുന്ദരൻ, ലിഗിൻ രാജ്, നിധീഷ് , സന്ധ്യ അരുണ്‍ എന്നിവരും ബാലതാരങ്ങളായി നകുൽ, ശന്തനു എന്നിവരും ചിത്രത്തിലുണ്ട്.
എഴുത്തുകാരനും മോട്ടിവേഷനൽ സ്പീക്കറും കൂടി ആയ അരുണ്‍ കുന്നന്പത്ത് മുന്‍പ് പോലീസിനു വേണ്ടി കോവിഡിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ മെന്റർ, അടയാളങ്ങൾ എന്നീ ഹ്രസ്വചിത്രങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു.