തൃക്കൊടിത്താനം: മോഷണ മുതൽ കട്ടിലിനടിയിൽ ഒളിപ്പിച്ചു അടുത്ത മോഷണത്തിനുള്ള പദ്ധതി തയാറാക്കി കറങ്ങി നടക്കവേ അഴിക്കുള്ളിലായി.
ചങ്ങനാശേരി ദൈവംപടിയിലെ വ്യാപാര സ്ഥാപനത്തിൽ മോഷണം നടത്തിയ ദൈവംപടി കോളനി സ്വദേശി ദാസ് (പാണ്ഡി മേസ്തിരി ദാസ്-58)ആണ് അറസ്റ്റിലായത്. ദൈവംപടിയിലുള്ള പ്രസാദിന്റെ പലചരക്കുകടയിലാണ് അടിക്കടി രണ്ടു മോഷണം നടന്നത്.
രണ്ടാഴ്ച മുന്പാണ് ഈ കടയിൽ ആദ്യമോഷണം നടന്നത്. പ്രസാദിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ തൃക്കൊടിത്താനം പോലീസ് പരിശോധനകൾ നടത്തിയെങ്കിലും പ്രതിയെക്കുറിച്ച് സൂചന ലഭിച്ചിരുന്നില്ല.
വ്യാഴാഴ്ച രാത്രിയും ഇതേകടയിൽ മോഷണം നടന്നു. തൃക്കൊടിത്താനം പോലീസ് എത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതിയെക്കുറിച്ചു സൂചന ലഭിച്ചത്.
പ്രതിയെ വ്യക്തമായി മനസിലായതോടെ പോലീസ് നാട്ടുകാരുടെ സഹായത്തോടെ ദാസിന്റെ വീട്ടിലെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
തുടർന്നു വീടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീട്ടിലെ കട്ടിലിനടിയിൽ നിന്നും മോഷണ മുതലുകൾ പോലീസ് കണ്ടെടുത്തത്.
തമിഴ്നാട് സ്വദേശിയായ ഇയാൾ വീട്ടിൽ ഒറ്റയ്ക്കാണ് താമസിക്കുന്നത്. മോഷണം നടത്തുന്ന സാധനങ്ങൾ വിറ്റു കുട്ടുന്ന പണം മദ്യപാനത്തിന് ഉപയോഗിച്ചിരുന്നതായും പോലീസ് പറഞ്ഞു.
ദാസിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇയാൾ മറ്റു സ്ഥലങ്ങളിലും മോഷണം നടത്തിയിട്ടുണ്ടോയെന്നും അന്വേഷണം നടത്തുകയാണ് പോലീസ്.
കൈയിലുണ്ടായിരുന്ന മോഷണം മുതലുകൾ വില്പന നടത്താനുള്ള ശ്രമങ്ങളും അടുത്ത മോഷണത്തിനുള്ള പദ്ധതിയും ഇയാൾ തയാറാക്കിയിരുന്നു.
തൃക്കൊടിത്താനം എസ്എച്ച്ഒ ഇ.അജീബ്, എസ്ഐ അഖിൽ ദേവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.