കോട്ടയം: കോട്ടയം നഗരത്തിൽ കള്ളൻമാർ വിഹരിക്കുന്നു. എംസി റോഡിലും നഗരത്തിലെ വിവിധ സ്ഥലങ്ങളിലും പാർക്ക് ചെയ്യുന്ന ലോറികൾ, ബസുകൾ എന്നിവയിൽ നിന്നുമാണ് മോഷണം പതിവായിരിക്കുന്നത്. നഗരത്തിൽ പാർക്ക് ചെയ്യുന്ന ബൈക്കുകളിൽ നിന്നും ഹെൽമറ്റ് മോഷണവുമുണ്ട്.
വ്യാഴാഴ്ച രാത്രിയിൽ കളക്ടറേറ്റിനു സമീപത്തെ ട്രാഫിക് ഐലന്റിനു സമീപം നിർത്തിയിട്ടിരുന്ന ബസിന്റെ ബാറ്ററി മോഷണം പോയതാണ് ഒടുവിലത്തെ സംഭവം. വ്യാഴാഴ്ച സർവീസ് അവസാനിപ്പിച്ചാണ് ബസ് ഇവിടെ പാർക്ക് ചെയ്തത്.
ഇന്നലെ രാവിലെ ബസ് സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് ബാറ്ററികൾ നഷ്്ടപ്പെട്ട വിവരമറിയുന്നത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ബാറ്ററികൾ മോഷണം പോയതാണെന്ന് മനസിലായത്.
പോലീസ് നടത്തിയ അന്വേഷണത്തിൽ രാത്രി 12.30നു രണ്ടു പേർ ഓട്ടോറിക്ഷയിൽ എത്തി ബസിൽ നിന്നും ബാറ്ററി മോഷ്്ടിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങളിൽ നിന്നും ഏറ്റുമാനൂർ 101 കവലയിലുള്ള ഓട്ടോറിക്ഷയുടെ ഉടമയെ തിരിച്ചറിഞ്ഞു ചോദ്യം ചെയ്തെങ്കിലും ഓട്ടോ വാടകയ്ക്കു നല്കിയിരിക്കുകയാണെന്നാണ് ഉടമ പറഞ്ഞത്.
ഡ്രൈവറും കൂട്ടാളികളും ഒളിവിലാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവർക്കു വേണ്ടിയുള്ള അന്വേഷണവും പോലീസ് ആരംഭിച്ചിട്ടുണ്ട്.മുന്പ് ഇത്തരം മോഷണം സംഘങ്ങൾ നഗരത്തിൽ സജീവമായിരുന്നു.
ഇത്തരം സംഘത്തിൽപ്പെട്ടവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ബാറ്ററികൾ ഉൾപ്പെടെ മോഷണം നടത്തുന്ന സാധനങ്ങൾ പതിവായി വാങ്ങുന്ന സംഘങ്ങളും നഗരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നുണ്ട്.
ലോക്ക് ഡൗണിനെതുടർന്നു വിവിധ സ്ഥലങ്ങളിൽ നിർത്തിയിട്ടിരുന്ന ബസുകളിൽ നിന്നും പലപ്പോഴും മോഷണം നടന്നിരുന്നു. ലോക് ഡൗണിനെതുടർന്നു സർവീസില്ലാതിരുന്ന ബസിൽ രണ്ടാഴ്ച മുന്പു 25,000 രൂപ മുടക്കി സ്ഥാപിച്ച ബാറ്ററിയാണ് കള്ളൻമാർ കൊണ്ടുപോയത്.
ഏറെ സാന്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ബസുടമകൾക്കു ഇത്തരത്തിലുണ്ടാകുന്ന മോഷണം അധിക സാന്പത്തിക ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഇന്നലെ മോഷണം നടന്നതു കളക്്ട്രേറ്റ്, ജില്ലാ പോലീസ് ചീഫിന്റെ ഓഫീസ്, ഈസ്റ്റ് പോലീസ് സ്റ്റേഷൻ എന്നിവ സ്ഥിതി ചെയ്യുന്നതിനു സമീപത്താണ്.
നാളുകൾക്കു മുന്പു കോട്ടയം നഗരത്തിലെ കോടിമതയിലും സമീപ പ്രദേശങ്ങളിലും പാർക്ക് ചെയ്യുന്ന നാഷണൽ പെർമിറ്റ് ലോറികളിൽനിന്ന് ബാറ്ററി, പടുത, സ്പീഡ് മീറ്റർ, ഡ്രൈവർ സീറ്റ് എന്നിവർ മോഷ്്ടിച്ചു വിൽക്കുന്ന സംഘങ്ങൾ സജീവമായിരുന്നു.
രാത്രിയിൽ ഇവിടങ്ങളിൽ എത്തി പാർക്ക് ചെയ്യുന്ന ചരക്കു ലോറികളിൽ ഡ്രൈവർമാരോ സഹായികളോ ഉണ്ടായിരിക്കില്ല. ഈ സമയത്ത് ഓട്ടോറിക്ഷയിലും മറ്റും എത്തുന്ന കള്ളൻമാർ മോഷണം നടത്തി രക്ഷപ്പെടുകയാണ് ചെയ്യുന്നത്.
ലോറികളിൽ നിന്നും മോഷണം നടത്തുന്ന വൻ സംഘങ്ങൾ തന്നെ നഗരം കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്നു. കോട്ടയം വെസ്റ്റ് പോലീസ് ശക്തമായ പരിശോധനകളും നടപടികളും സ്വീകരിച്ചതോടെയാണ് മോഷ്്ടാക്കളുടെ ശല്യം ഇല്ലാതായത്.
പീന്നിട് ലോക്ക് ഡൗണ് കാലമായതോടെ ചരക്ക് ലോറികളിൽ എത്തുന്ന ഡ്രൈവറും ക്ലീനർ ഉൾപ്പെടെയുള്ളവർ മറ്റെവിടെയും പോകാതെ ലോറി കളിൽ തന്നെ വിശ്രമിക്കാൻ തുടങ്ങിയതും മോഷ്്ടാക്കൾക്കു തിരിച്ചടിയായി.
നഗരത്തിൽ നിന്നും മോഷണം നടത്തുന്ന ഇത്തരം സംഘങ്ങളെ പിടികൂടാൻ പോലീസ് ശക്തമായ പെട്രോളിംഗ് നടത്തണമെന്ന ആവശ്യം ശക്തമായി.