കോവിഡ് ഒന്നു അവസാനിച്ചിരുന്നെങ്കില്‍, ഈ ലോക് ഡൗണ്‍ ഒന്നു മാറികിട്ടിയിരുന്നെങ്കില്‍, വീട്ടില്‍നിന്നു പുറത്തേക്ക് ഒന്ന് ഇറങ്ങാമായിരുന്നു. കുറച്ചു നാള് വീട്ടിലിരുന്നു കഴിഞ്ഞതോടെ പലരും പറയുന്നതാണിത്.
എന്നാല്‍, വീട്ടിലിരുന്നു ജോലി ചെയ്യാന്‍ തുടങ്ങിയതോടെ ഭര്‍ത്താവിന്റെയും മക്കളുടെയും “ശല്യം’ കാരണം മുറി പൂട്ടിയിടേണ്ടി വന്ന ഒരമ്മയുടെ അവസ്ഥയാണ് ഇന്നു സമൂഹമാധ്യങ്ങളില്‍ വൈറലാകുന്നത്.
ശല്യം സഹിക്കാനാകാതെ
രാവിലെ വീട്ടിലെ പണികളൊക്കെ തീര്‍ത്തു തന്റെ മുറിയില്‍ ഇരുന്നു സ്വസ്ഥമായി ജോലി ചെയ്യാനാണ് ഈ അമ്മയ്ക്കു താല്പര്യം. പക്ഷേ, അമ്മ മുറിയില്‍ കയറി ജോലി തുടങ്ങുമ്പോള്‍ മുതല്‍ ഭര്‍ത്താവും മക്കളും ഓരോ ആവശ്യത്തിനായി ഇവരെ വിളിക്കാന്‍ തുടങ്ങും.
പലപ്പോഴും മക്കളുടെ മുടി ചീകി നല്‍കണം, ഭര്‍ത്താവിന്റെ ടൈ ശരിയാക്കണം, ഫോണിനെന്തെങ്കിലും പ്രശ്നം പറ്റിയാല്‍ അതു ശരിയാക്കി നല്‍കണം… ഇങ്ങനെയുള്ള കാര്യങ്ങൾക്കെല്ലാം അമ്മ വേണം.
എന്തൊരു കഷ്ടമാണ്!
കോവിഡും ലോക്ഡൗണും വന്നതോടെ ഭര്‍ത്താവിനു ജോലി നഷ്ടമായി. ഇതോടെ രണ്ടു കുട്ടികള്കൂടിയുള്ള ഈ കുടുംബത്തിലെ ഏക വരുമാന മാര്‍ഗം ഇവരുടെ ജോലിയാണ്.
വീടു മുന്നോട്ടു കൊണ്ടുപോകാനാണ് അവർ അധ്വാനം കണക്കാക്കാതെ പണിയെടുക്കുന്നത്. താന്‍ ഇത്രയധികം കഷ്ടപ്പെട്ടിട്ടും വീട്ടിലുള്ളവരാരും തന്നെ പരിഗണിക്കുന്നില്ലെന്നാണ് ഈ അമ്മയുടെ പരാതി. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഓഫീസിലെ പല കാര്യങ്ങളും ചെയ്യുന്നത്.
ചിലപ്പോള്‍ വീഡിയോ കോണ്‍ഫറന്‍സ് നടക്കുന്നതിനിടയിലാണ് വീട്ടിലുള്ളവർ ഒാരോ ആവശ്യങ്ങൾ പറഞ്ഞു ശല്യപ്പെടുത്തുന്നത്.
പ്രശ്നത്തിനു പരിഹാരം!
ഈ പ്രശ്നത്തിനു വീട്ടമ്മ തന്നെ ഒടുവില്‍ ഒരു വഴി കണ്ടെത്തി. ജോലി ചെയ്യാനായി മുറിക്കുള്ളില്‍ കയറിയാല്‍ ഉടന്‍ മുറി അകത്തുനിന്നു പൂട്ടാന്‍ തുടങ്ങി. ഇതല്ലാതെ ഇവരില്‍നിന്നു രക്ഷ നേടാന്‍ വേറൊരു വഴിയുമില്ലെന്നാണ് വീട്ടമ്മയുടെ പക്ഷം.
മുറി പൂട്ടുന്നതു കണ്ടതോടെ ഭര്‍ത്താവ് കുട്ടികള്‍ വിഷമിക്കുമെന്നും നീ ഇതെന്താണ് ചെയ്യുന്നതെന്നും ചോദിച്ച് ഇവരോടു ദേഷ്യപ്പെട്ടു. തുടര്‍ന്ന് ഇങ്ങനെ ജോലി ചെയ്യാന്‍ സമ്മതിക്കില്ലെന്നും നിര്‍ബന്ധം പിടിച്ചു. ഇതോടെയാണ് സ്ത്രീ സമൂഹമാധ്യമങ്ങളില്‍ തന്റെ അവസ്ഥ പങ്കുവച്ചത്.
ഇതു കണ്ടതും നിരവധി പേരാണ് ഇതിനു പ്രതികരണവുമായി എത്തിയത്. വീട്ടമ്മ ഓഫീസിലാണെങ്കില്‍ ഈ കാര്യങ്ങളൊക്കെ വീട്ടിലുള്ളവർ തനിയെ ചെയ്യില്ലേ…
ഒാഫീസിലിരുന്നുള്ള ജോലിയേക്കാൾ കഠിനമാണ് വീട്ടിലിരുന്നുള്ള ജോലിയെന്നാണ് പലരും പറയുന്നത്. പ്രത്യേകിച്ചു സ്ത്രീകൾ. അവർ ഒാഫീസിലെ ജോലിയും വീട്ടിലെ ജോലിയും ഒരു പോലെ ചെയ്യേണ്ടി വരുന്നു.
അതുകൊണ്ടു വീട്ടിലിരുന്നു ജോലി ചെയ്യുന്നവരെ പരിഗണിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ടു നിരവധി പേരാണ് ഈ സ്ത്രീക്കു പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.