ഗാന്ധിനഗർ : പതിനാലു വയസുകാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയെ കണ്ടെത്താനുള്ള പോലീസ് അന്വേഷണം ഇഴയുന്നു.പെണ്‍കുട്ടി മാസം തികയാതെ പ്രസവിച്ച ശിശു മരണപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒന്നിനാണ് പെണ്‍കുട്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ കുഞ്ഞിനു ജന്മം നല്‍കിയത്.
തുടർന്നു കുഞ്ഞ് മരണപ്പെടുകയും ചെയ്തു. തുടർന്നു നാലിനാണ് പെണ്‍കുട്ടിയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.അന്നു രാത്രി ഒന്പതിനു പെണ്‍കുട്ടിയെ കൗണ്‍സിലിംഗ് നടത്താനാണെന്ന് പറഞ്ഞു ചൈൽഡ് ലൈൻ വെൽഫെയർ കമ്മറ്റി ഇവരുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഓർഫനേജിലേക്കു മാറ്റി.
മാസം തികയാതെ പ്രസവിച്ചതിന്റെ ബുദ്ധിമുട്ടുകൾ അലട്ടുന്ന പെണ്‍കുട്ടിക്ക് ആവശ്യമായ പരിചരണം നല്‍കാതെ ഇത്തരത്തിൽ രാത്രിയിൽ മാതാവിന്റെ അടുക്കൽ നിന്നും മാറ്റിയതിൽ വിവിധ കോണുകളിൽ നിന്നും എതിർപ്പുണ്ടായിരുന്നു.അതേസമയം രാത്രിയിൽ മാറ്റിയതു കോടതി ഉത്തരവ് പ്രകാരമാണെന്നാണ് ചൈൽഡ് വെൽഫെയർ കമ്മറ്റി നല്കുന്ന വിശദീകരണം.
എന്നാൽ കുട്ടിയുടെ മാനസിക നില പരിഗണിക്കാതെയാണ് ചൈൽഡ് ലൈൻ പ്രവർത്തിച്ചതെന്നും സംഭവത്തിൽ ബാലാവകാശ കമ്മീഷൻ ഇടപെടണമെന്നും ആവശ്യം ശക്തമായിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം നടത്തുകയാണെന്ന് പോലീസ് പറയുന്പോഴും കേസ് രജിസ്റ്റർ ചെയ്തു ദിവസങ്ങൾ കഴിഞ്ഞിട്ടും പുരോഗതിയില്ല.
തിരുവനന്തപുരം സ്വദേശിയായ മാതാവും പെണ്‍കുട്ടിയും സഹോദരനും പാന്പാടിയിലെ വീട്ടിലാണു താമസിച്ചിരുന്നത്. പിതാവ് നേരത്തെ മരിച്ചു പോയിരുന്നു. പാന്പാടിയിലെ സ്വകാര്യ സ്ഥാപനത്തിലാണ് മാതാവ് ജോലി ചെയ്തിരുന്നത്. ലോക്ഡൗണ്‍ പ്രതിസന്ധിയെ തുടർന്നു മാതാവിന്റെ ജോലി നഷ്ടപ്പെട്ടു.
തുടർന്നു പെണ്‍കുട്ടിയും സഹോദരനും കരകൗശല വസ്തുക്കൾ നിർമിച്ചു വീടുകളിലും കടകളിലും കയറി വിറ്റുവരികയായിരുന്നു.കഴിഞ്ഞ ഏപ്രിൽ മധ്യത്തോടെ സഹോദരൻ ഒപ്പമില്ലാതിരുന്ന ദിവസം മണർകാടിന് സമീപം മധ്യവയസ്കൻ കാറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണു പെണ്‍കുട്ടിയുടെ മൊഴി.
പൊറോട്ടയും ജ്യൂസും വാങ്ങി നൽകി ബോധരഹിതയാക്കിയാണ് പീഡിപ്പിച്ചത്. പെണ്‍കുട്ടി പറഞ്ഞ ദിവസത്തെ സിസിടിവി കാമറകൾ പരിശോധിച്ചു കാറിനെക്കുറിച്ച് സൂചന കണ്ടെത്താനാകുമെന്നാണു പോലീസിന്റെ പ്രതീക്ഷ. മാസങ്ങൾ വൈകിയതിനാൽ ക്ലേശകരമായ ശ്രമമാണിത്.
ഗർഭസ്ഥ ശിശുവിന്റെയും പെണ്‍കുട്ടിയുടെയും ഡിഎൻഎ പോലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതിയെ കണ്ടെത്തിയാൽ കേസ് ശാസ്ത്രീയമായി തെളിയിക്കുന്നതിന് ഇത് സഹായകരമാകുമെന്നാണ് പോലീസ് പറയുന്നത്.