കെഎസ്യു പുതിയ ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിനു പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പുതിയ പ്രസിഡന്റുമാരുടെ നിയമനത്തിനെതിരേ ആദ്യം രംഗത്തുവന്നത് തൃത്താല എംഎല്‍എ വി.ടി. ബല്‍റാമാണ്. പ്രായക്കൂടുതലുള്ളവരെ തിരുകിക്കയറ്റിയും തങ്ങളുടെ ആളുകളായവര്ക്കു സ്ഥാനമാനങ്ങള്‍ നല്‍കിയുമാണ് പുന:സംഘടന നടത്തിയതെന്നുമാണ് ബല്‍റാമിന്റെ ആരോപണം.
27 വയസ്സാണ് കെഎസ്യുവില് പ്രവര്‍ത്തിക്കാനുള്ള പ്രായപരിധി എങ്കിലും പലരും മുപ്പത് പിന്നിട്ടവരാണ്. സംഘടനക്ക് ഗുണകരമായ സംഭാവനകള്‍ നല്കാന് കഴിയുന്ന തരത്തിലുള്ള തങ്ങളുടെ പ്രവര്‍ത്തനകാലം കഴിയുകയാണെന്ന് മനസിലാക്കുന്ന പല നേതാക്കളും സ്ഥാനമൊഴിയാനും പുതുമുഖങ്ങള്‍ക്ക് വഴിയൊരുക്കാനും തയ്യാറെടുക്കുന്നുണ്ട്. ഇതിന് നേതൃത്വം നല്കുന്ന തരത്തിലാണ് കണ്ണൂര്‍, മലപ്പുറം ജില്ലാ പ്രസിഡണ്ടുമാര്‍ സ്വമേധയാ രാജി പ്രഖ്യാപിച്ച് മാതൃക കാട്ടിയതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ബല്‍റാം പറയുന്നു. എന്നാല്‍ ഈ നീക്കത്തെ അട്ടിമറിക്കുന്ന തരത്തിലാണ് ഗ്രൂപ്പ് നേതാക്കന്മാര് കൂടിയായ സംസ്ഥാന പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും സ്വീകരിക്കുന്നതെന്നു ബല്‍റാം വിമര്‍ശിക്കുന്നു.