പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസിയിലെ ഓപ്പറേറ്റിംഗ് സ്റ്റാഫിന്റെ സിംഗിൾ ഡ്യൂട്ടി 12 മണിക്കൂറായി (സ്പ്രെഡ് ഓവർ) വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ അംഗീകൃത യൂണിയനുകളുമായി മാനേജ്മെന്റ് ഇന്ന് ചർച്ച ചെയ്യും. ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകരന്റെ അധ്യക്ഷതയിൽ ഉച്ചകഴിഞ്ഞ് ട്രാൻസ്പോർട്ട് ഭവനിലാണ് ചർച്ച.
അംഗീകൃത യൂണിയനുകളായ സി ഐ ടി യു, ടിഡിഎഫ്, ബിഎംഎസ് എന്നിവയിൽ നിന്നും മൂന്നുപേർക്കുവീതം ചർച്ചയിൽ പങ്കെടുക്കാമെന്നാണ് ഭരണ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് അൻസാരിയുടെ അറിയിപ്പ്. അജണ്ടയും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഓണം ഫെസ്റ്റിവൽ അലവൻസും അഡ്വാൻസുമാണ് ഒന്നാമത്തെ അജണ്ട. സിംഗിൾ ഡ്യൂട്ടി 12 മണിക്കൂറായി വർധിപ്പിക്കുന്ന ( സ്പ്രെഡ് ഓവർ) രണ്ടാമത്തെ അജണ്ടയായാണ് ചേർത്തിരിക്കുന്നത്.
കെ എസ്ആർടിസി ജീവനക്കാർ ഒന്നടങ്കം എതിർക്കുന്ന ഈ വിഷയത്തിൽ രൂക്ഷമായ ചർച്ച ഉണ്ടാകാനാണ് സാധ്യത. യൂണിയനുകൾ ഇതിന് വഴങ്ങിയാൽ വലിയ വില നല്കേണ്ടി വരുമെന്ന ഭയം യൂണിയനുകൾക്കുണ്ട്.
കെഎസ്ആർടിസി ബസ് സർവീസുകളെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ എ, ബി, സി, ഡി, എന്നീ വിഭാഗങ്ങളായി തിരിക്കുന്നതും, തിരുവനന്തപുരത്ത് സിറ്റി സർക്കുലർ സർവീസ് ആരംഭിക്കുന്നതും, ഈഞ്ചക്കൽ – കഴക്കൂട്ടം ബൈപാസ് റൈഡർ ആരംഭിക്കുന്നതും, കെഎസ്ആർടിസി ദീർഘദൂര സർവീസുകളിലെ യാത്രക്കാർക്ക് ഹോട്ടലുകളുമായി ബന്ധപ്പെട്ട് റിഫ്രഷ്മെൻറ് സൗകര്യമൊരുക്കുന്നതും മൂന്നാറിലെ ബസുകളിലെ ഹോളിഡേ ഹോം പദ്ധതിയും അജൻഡയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.