ചെങ്ങന്നൂർ: കൊവിഡ് രോഗിയെ എടുക്കാനെത്തിയ 108 ഐ.സി.യു ആംബുലൻസ് ഡ്രൈവറെയും പുരുഷ നഴ്സിനെയും ഒരു സംഘം ഓട്ടോ ഡ്രൈവർമാർ ആക്രമിച്ച് ഡ്യൂട്ടി തടസപ്പെടുത്തിയതായി പരാതി.
എൻആർഎച്ച്എം ആലപ്പുഴ കൺട്രോൾ റൂമിന്റെ കീഴിലുള്ള 108 ആംബുലൻസ് ഡ്രൈവർ അമ്പലപ്പുഴ , കാക്കാഴം പുത്തൻ വീട്ടിൽ സുധീർ (35 ) , പുരുഷ നഴ്സ് ചെങ്ങന്നൂർ കൊഴുവല്ലൂർ വിഷ്ണുഭവനത്തിൽ, അഖിൽ വി. നായർ (22 ) എന്നിവർക്കു നേരെ ചെങ്ങന്നൂരിലെ ഒരു സംഘം ഓട്ടോ ഡ്രൈവർമാരുടെ നേതൃത്വത്തിലാണ് കയ്യേറ്റം നടന്നത്.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ചെങ്ങന്നൂർ കെ എസ്.ആർ.ടി.സി സ്റ്റാൻഡിനു മുൻപിൽ എംസി റോഡിലാണ് സംഭവം. രണ്ടാം തല കൊവിഡ് ചികിത്സാ കേന്ദ്രമായ മുളക്കുഴ സെഞ്ചുറി ആശുപത്രിയിൽ നിന്ന് ആലപ്പുഴ മെഡിക്കൽ കൊളജിലേക്ക് അത്യാസന്നരായ രണ്ട് രോഗികളെ അടിയന്തരമായി മാറ്റുന്നതിനു വേണ്ടി ആലപ്പുഴയിൽ നിന്നും ഓടിയെത്തുകയായിരുന്നു 108 ആംബുലൻസ് .
വാഹനം ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി.ക്ക് സമീപം എത്തിയപ്പോഴാണ് കൈയേറ്റം നടന്നത് . ആംബുലൻസ് മാർഗതടസമായ ലോറിയെ മറികടന്നു വരുന്നതിനിടെ റോഡരികിലെ സ്റ്റാൻഡിൽ കൂടിനിന്ന ഓട്ടോറിക്ഷ ഡ്രൈവർമാരുടെ ഓരം ചേർന്നാണ് വാഹനം മുന്നോട്ടു പോയത്.
ഇതിൽ ക്ഷുഭിതനായ ഒരു ഓട്ടോ ഡ്രൈവർ അസഭ്യം പറഞ്ഞ് ആംബുലൻസ് ഡ്രൈവർക്കുനേരെ പാഞ്ഞടുക്കുകയും കയ്യേറ്റത്തിന് ശ്രമിക്കുകയുമായിരുന്നു.തുടർന്ന് ആംബുലൻസിന് സമീപത്തേക്ക് കൂടുതൽ ഡ്രൈവർമാരെത്തി കൈയേറ്റത്തിന് ശ്രമിക്കുകയും ആംബുലൻസിന്റെ താക്കോൽ ഊരിയെടുക്കുകയും ചെയ്തു.
സംഭവ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരുടെ ഇടപ്പെടലിലാണ് ഇരുവരെയും മോചിപ്പിച്ചത്. തുടർന്ന് രോഗിയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെത്തിച്ച ശേഷം ആരോഗ്യ വകുപ്പ് മേലധികാരികളുടെ നിർദ്ദേശപ്രകാരം ഡ്രൈവറും നഴ്സും ചെങ്ങന്നൂർ സ്റ്റേഷനിൽ എത്തി പൊലിസിൽ പരാതി നൽകുകയായിരുന്നു. ചെങ്ങന്നൂർ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.