കെ. ഷിന്റുലാല്‍
കോഴിക്കോട് : ചൈനീസ് ചാരവൃത്തിക്കായി മലയാളികളെയുള്‍പ്പെടെ വന്‍തോതില്‍ റിക്രൂട്ട് ചെയ്തതായി കണ്ടെത്തല്‍. തീവ്രാവാദ പ്രവര്‍ത്തനത്തിനും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്ക്കാനുമായാണ് മലയാളികളുള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരെ ചൈന റിക്രൂട്ട് ചെയ്തത്.
സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് അന്വേഷണത്തിനിടെയാണ് വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചത്. റിസര്‍ച്ച് ആന്‍ഡ് അനാലിസിന് വിംഗ് (റോ) ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ സിബ്രാഞ്ചിന് കൈമാറി.
കര്‍ണാടകയില്‍ ഹവാല തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മലയാളി അനസ് അഹമ്മദിന് ചൈനയുമായുള്ള ബന്ധത്തെക്കുറിച്ചും ഏതാനും വര്‍ഷം മുമ്പ് ദില്ലി പോലീസ് അറസ്റ്റ് ചെയ്ത ചൈനീസ് രഹസ്യാന്വേഷണ ഏജന്റ് ലുവോസാന്ഗിന്റെ ഇടപാടുകളെ കുറിച്ചും റോ ഉള്‍പ്പെടെയുള്ള ഏജന്‍സികളില്‍ നിന്നും സിബ്രാഞ്ച് ശേഖരിച്ചു.
ഈ സാഹചര്യത്തില്‍ സമാന്തര എക്സ്ചേഞ്ച് കേസില്‍ സംശയിക്കുന്ന മലയാളികള്‍ക്ക് ചൈനയുമായുള്ള ബന്ധത്തെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വിശദമായി സിബ്രാഞ്ച് അന്വേഷിക്കും. കേസില്‍ അറസ്റ്റിലായ ഇബ്രാഹിം പുല്ലാട്ട് 35 ഓളം പേരുടെ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.
സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചില്‍ ചൈനയുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും ഇബ്രാഹിം മൊഴി നല്‍കിയിരുന്നു.2020 ജൂണില്‍ മുംബൈയില്‍ പിടിയിലായ സമാന്തര എക്സ്ചേഞ്ചുകള്‍ക്കും ചൈനീസ് കമ്പനികള്‍ പണം നിക്ഷേപിച്ചിരുന്നതായും ചാരപ്രവര്‍ത്തനത്തിനായി സമാന്തര എക്സ്ചേഞ്ചുകള്‍ ഉപയോഗിച്ചിരുന്നതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.
രാജ്യത്തെ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചിനും മറ്റും ചൈനയുടെ വ്യാപകമായ സഹായം ചാരപ്രവര്‍ത്തനത്തിന് വേണ്ടിയാണെന്നാണ് സംശയിക്കുന്നത്. സൈനിക ബലത്തില്‍ ലോകത്തിലെ മുന്‍നിരക്കാരായ ചൈനയുടെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മി (പിഎല്‍എ)യിലേക്കാണ് വ്യാപകമായ റിക്രൂട്ട്മെന്റുകള്‍ നടക്കുന്നത്.
ഇന്ത്യയില്‍ നിന്നുള്ള വിവരങ്ങള്‍ ലഭിക്കുന്നതിനും ഇടപെടലുകള്‍ നടത്തുന്നതിനുമായാണ് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത്. രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികമായും സാങ്കേതികമായുമുള്ള സഹായങ്ങളും ചൈന ചെയ്യുന്നുണ്ട്.
ഹവാല ഇടപാടുകളിലേക്കും അന്വേഷണം
രണ്ടുമാസം മുമ്പ് കര്‍ണാടക സൈബര്‍ ക്രൈം ഡിവിഷന് നടത്തിയ അന്വേഷണത്തില്‍ ചൈനയുടെ സഹായത്തോടെയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ കണ്ടെത്തിയിരുന്നു.
മലയാളിയായ അനസ് അഹമ്മദിന്റെ നേതൃത്വത്തില്‍ 290 കോടിയുടെ ഹവാല ഇടപാടാണ് കണ്ടെത്തിയത്. ചൈനയിലെ ഹവാല സംഘവുമായി അടുത്ത ബന്ധം പുലര്‍ത്തിയായിരുന്നു അനസിന്റെ തട്ടിപ്പ്. ഹവാല ഇടപാടുകാര്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് ഉപയോഗിച്ചിരുന്നതായാണ് കോഴിക്കോട് കേസില്‍ കണ്ടെത്തിയത്.
ചൈനയില്‍ വിദ്യാഭ്യാസം നേടിയ അനസ് അവിടെ നിന്നാണ് വിവാഹിതനായത്. ഇന്ത്യന്‍ പൗരനായി നിന്നുകൊണ്ടായിരുന്നു അനസ് ചൈനീസ് ഹവാല ഇടപാടുകാര്‍ക്കായി പ്രവര്‍ത്തിച്ചത്. ഈ സാഹചര്യത്തില്‍ അനസിന് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കും.
ഇതിനായി കര്‍ണാടക സൈബര്‍ ക്രൈം ഡിവിഷനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനാണ് സിബ്രാഞ്ച് തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം സപ്റ്റംബറില് ദില്ലിയിലെ സ്പെഷല്‍ പോലീസ് ഹവാല ഇടപാടുകമായി എത്തിയ ചൈനീസ് രഹസ്യാന്വേഷണ ഏജന്റ് ലുവോസാന്ഗിനെ അറസ്റ്റ് ചെയ്തിരുന്നു.
ഇന്ത്യന്‍ പൗരന്റെ പേരില്‍ വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടാക്കിയാണ് ഇയാള്‍ രാജ്യത്ത് ഹവാല ഇടപാടുകള്‍ നടത്തിയത്. 40 ലേറെ ബാങ്ക് അക്കൗണ്ടുകള്‍ ഇന്ത്യയില്‍ ഇയാള്‍ക്ക് ഉണ്ടായിരുന്നതായും കണ്ടെത്തിയിരുന്നു. ഡല്‍ഹയിലെത്തി ഇതേകുറിച്ചും വിശദമായി പരിശോധിക്കാനാണ് സിബ്രാഞ്ച് തീരുമാനിച്ചത്.
ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കുന്നു
സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസില്‍ ബംഗളൂരുവില്‍ നിന്ന് ഡിജിറ്റില്‍ തെളിവുകളുമായി സിബ്രാഞ്ച് കോഴിക്കോടെത്തി. ഇന്ന് രാവിലെ മുതല്‍ ഇവ വിശദമായി പരിശോധിച്ചുവരികയാണ്. മൈസുരുവിലും ബംഗളൂരുവിലും അറസ്റ്റിലായ പ്രതികളെ കോഴിക്കോടെത്തിച്ച് ചോദ്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിലും വൈകാതെ തീരുമാനമാകും.
സി ബ്രാഞ്ച് അസി. കമീഷണര്‍ ടി.പി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ഏതാനം ദിവസമായി ബംഗളൂരുവിലുണ്ടായിരുന്നു. ഞായറാഴ്ച രാത്രിയാണ് സംഘം കോഴിക്കോട് തിരിച്ചെത്തിയത്.
പ്രാഥമിക പരിശോധനയില്‍ത്തന്നെ ചില സുപ്രധാന വിവരങ്ങള്‍ ശേഖരിക്കാന്‍ അന്വേഷണസംഘത്തിനായിട്ടുണ്ട്. ഹവാല പണമിടപാടുകള്‍ക്കുള്ള പ്രധാന ചാനലായി സംഘം പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ടെലികോം മേഖലയിലെ തട്ടിപ്പ് മാത്രമായി ചുരുക്കി കാണാനാകില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം.