മുക്കം: കോവിഡ് പ്രതിസന്ധിയെ തുടർന്ന് വിദ്യാലയങ്ങൾ അടഞ്ഞു കിടക്കാൻ തുടങ്ങി രണ്ടാം അധ്യയന വർഷവും മുടങ്ങിക്കിടക്കുകയാണങ്കിലും ചിലരൊന്നും ഇത് ഇപ്പോഴും അറിഞ്ഞ മട്ടില്ല. രോഗവ്യാപന സാധ്യത മുൻ നിർത്തി വിദ്യാർഥികൾക്ക് പുറത്തിറങ്ങുന്നതിന് കർശന നിയന്ത്രണമുണ്ടങ്കിലും വിദ്യാർഥികൾ സ്റ്റാമ്പുകൾ വിൽപ്പന നടത്തണമെന്നാണ് സർക്കാർ പറയുന്നത്.
കുട്ടികളിൽനിന്ന് സ്റ്റാമ്പ് ഇനത്തിൽ വലിയ സംഖ്യ തന്നെ പിരിച്ചെടുക്കാനാണ് സർക്കാർ നിർദ്ദേശം. ശിശുക്ഷേമ സമിതിയാണ് ഇതു സംബന്ധിച്ച് സ്കൂളുകൾക്ക് അറിയിപ്പ് അയച്ചത്. 2020-21 വർഷത്തെ ശിശുദിന സ്റ്റാമ്പാണ് ഇപ്പോൾ സ്കൂളുകളിൽ വിൽപ്പനക്ക് വന്നത്. വിദ്യാർഥി ഒന്നിന് 15 രൂപയുടെ സ്റ്റാമ്പാണ് പ്രധാന അധ്യാപകർക്ക് അയച്ചു കിട്ടിയത്.
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകൾക്ക് പുറമേ അൺ എയ്ഡഡ്, സിബിഎസ്ഇ സ്കൂളുകൾക്കും സ്റ്റാമ്പ് ലഭിച്ചിട്ടുണ്ട്. അമ്മത്തൊട്ടിൽ സ്ഥാപിക്കുക, ദത്തെടുക്കൽ, ശിശുമന്ദിരം സ്ഥാപിക്കൽ, ശിശുദിനാഘോഷം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കാണ് സ്റ്റാമ്പ് തുക വിനിയോഗിക്കുക.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രക്ഷാധികാരിയും, മുഖ്യമന്ത്രി പിണറായി വിജയൻ പ്രസിഡണ്ടും, ആരോഗ്യമന്ത്രി വീണ ജോർജ് വൈസ് പ്രസിഡണ്ടും, ഡോ.ജെ.എസ് ഷിജു ഖാൻ സെക്രട്ടറിയും ഉൾപ്പെടുന്ന കമ്മിറ്റിയാണ് കേരള ശിശുക്ഷേമസമിതിക്കുള്ളത്.
ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ വകയില്ലാതെ കഷ്ടപ്പെടുന്ന സമയത്താണ് അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ സ്റ്റാമ്പ് വിതരണത്തിന് എത്തിയത്.പ്രവാസി രക്ഷിതാക്കൾ തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചു വന്നതും നാട്ടിൽ ജോലി ഇല്ലാത്തതും അൺ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ വലിയ തിരിച്ചടിയായിട്ടുണ്ട്.
കുട്ടികളുടെ എണ്ണത്തിലധികം സ്റ്റാമ്പാണ് വിദ്യാലയങ്ങൾക്കു ലഭിച്ചത്. കുട്ടികളിൽ നിന്ന് ഒരു പണപ്പിരിവും പാടില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു അതിന്റെ ലംഘനം ആവുകയാണ് ഇപ്പോഴത്തെ സ്റ്റാമ്പ് കച്ചവടം.