കൊച്ചി: ജില്ലയില്‍ കോവിഡ് രോഗകളുടെ എണ്ണം കുറയാത്ത സാഹചര്യത്തില്‍ ഓണത്തോടനുബന്ധിച്ചുള്ള വരും ദിവസങ്ങളിലെ തിരക്ക് തിരിച്ചടിയാകുമോയെന്ന ആശങ്കയില്‍ അധികൃതര്‍.
പുതുക്കിയ നിയന്ത്രണങ്ങളെത്തുടര്‍ന്ന് ഞായറാഴ്ച ഒഴികെയുള്ള മുഴുവന്‍ ദിവസങ്ങളിലും എല്ലാ കടകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
ഈ സാചചര്യത്തില്‍ പുറത്തിറങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുമോയെന്ന ആശങ്കയാണ് ആരോഗ്യ വിദഗ്ധരടക്കം പങ്കുവയ്ക്കുന്നത്.
കടകളില്‍ പ്രവേശിക്കുന്നതിന് കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റും വാക്സിന് സ്വീകരിച്ചതും മാനദണ്ഡമാക്കിയിട്ടുണ്ടെങ്കിലും ഇത് അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടി വ്യാപാരികളടക്കം രംഗത്തെത്തിയിട്ടുണ്ട്.
ലോക്ഡൗണിനെത്തുടര്‍ന്ന് വ്യാപാരം നിലച്ചിരുന്ന കച്ചവടക്കാര്‍ ഓണവിപണി ലക്ഷ്യം വെച്ചാണ് നിലവില്‍ കടകള്‍ തുറന്നിട്ടുള്ളത്.
ഈ സാഹചര്യത്തില്‍ വ്യാപാരത്തെ ബാധിക്കുന്ന ഇത്തരം അപ്രായോഗിക മാനദണ്ഡങ്ങള്‍ എടുത്തു കളയണമെന്നാണ് ഒരു കൂട്ടം വ്യാപാരികളുടെ ആവശ്യം.
അതിനിടെ കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ രണ്ടായിരത്തില്‍ നിന്ന് പ്രതിദിന രോഗികളുടെ എണ്ണം കുറയാത്തതും ആശങ്കയ്ക്കു വഴിയൊരുക്കുന്നതാണെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഓണനാളുകളില്‍ തിരക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രോഗബാധിതരുടെ എണ്ണം വീണ്ടും ഉയരുമെന്നാണ് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
നിലവില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനവുമായി ബന്ധപ്പെട്ട് ശരാശരി ഇരുനൂറിലധികം കേസുകളാണ് സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ രജിസ്റ്റര്‍ ചെയ്യുന്നത്.
ഈ സ്ഥിതി മാറണം. ഡബിള്‍ മാസ്ക് അടക്കം സുരക്ഷാ മുന്ല കരുതലുകള്‍ സ്വീകരിക്കാന്‍ എല്ലാവരും തയാറാകണമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ മൂന്നിന് ജില്ലയില്‍ 2,702 പേര്‍ക്കും, നാലിന് 2,633, 2,373, 2,310, 2,121 എന്നിങ്ങനെയാണ് തുടര്‍ന്നുള്ള ദിവസങ്ങളിലെ പ്രതിദിന രോഗികളുടെ എണ്ണം. 70 മരണവും ഈ അഞ്ച് ദിവസങ്ങളില്‍ ജില്ലയുടെ വിവിധയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
നിലവില്‍ ഏഴ് വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 4,21,456 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
ഇതില്‍ 26,978 എണ്ണം ആക്ടീവ് കേസുകളാണ്. 6.4 ശതമാനം. രോഗമുക്തി നിരക്ക് 93.16 ശതമാനം. 1,786 മരണങ്ങളാണ് ഇതുവരെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.