തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനത്തിന്റെ പേരിൽ വ്യാപകമായ രീതിയിൽ പിഴ ഈടാക്കുന്ന പോലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
പോലീസ് ചെയ്യുന്നത് അവരെ ഏൽപ്പിച്ച ചുമതലയും ജോലിയുമാണെന്നു നിയമസഭയിൽ പറഞ്ഞ മുഖ്യമന്ത്രി, പോലീസ് ജനങ്ങളുടെ കണ്ണീരൊപ്പുകയാണെന്നും അഭിപ്രായപ്പെട്ടു.
പോലീസിനെതിരേ ഇപ്പോൾ ഉയർന്നിരിക്കുന്നത് കുപ്രചരണങ്ങളാണ്. ക്രമസമാധാനം പുലരുന്നത് ആഗ്രഹമില്ലാത്തവരാണ് ഇത്തരം പ്രചാരണത്തിനു പിന്നിൽ.
പോലീസ് പിഴ ചുമത്തുന്നതിനെയെല്ലാം തെറ്റായും മഹാ അപരാധമായും കാണരുത്. എല്ലാ കാര്യങ്ങളും രാഷ്ട്രീയ നേട്ടത്തിനായി നിസാരവത്കരിക്കരുതെന്നും പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിനെ എതിർത്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനമൊട്ടാകെ ജനങ്ങൾ പോലീസ് നടപടിയിൽ പ്രതിഷേധിക്കുന്പോഴും മുഖ്യമന്ത്രി പോലീസിനെ വല്ലാതെ ന്യായീകരിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി.
പോലീസ് തെറ്റ് ചെയ്താൽ തെറ്റെന്നു പറയണം. നിരപാരാധികൾ പോലും ശിക്ഷിക്കപ്പെടുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്നും കോവിഡ് നിയന്ത്രണങ്ങൾ പോലീസ് ദുരുപയോഗം ചെയ്യുന്നത് തുടർക്കഥയായി മാറിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.