കെ. ഷിന്റുലാല്‍
കോഴിക്കോട് : സംസ്ഥാനത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിലും കടകളിലും മാളുകളിലുമെല്ലാം വാക്സിന് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിന് പിന്നാലെ വ്യാജന്മാര് പുറത്ത്.
വാക്സിന് എടുത്ത് രണ്ടാഴ്ച കഴിഞ്ഞവരെ മാത്രം കടകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റും പ്രവേശിപ്പിച്ചാല്‍ മതിയെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശം. ഇതോടെയാണ് വ്യാജ വാക്സിന് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയത്.
വാക്സിന് എടുത്ത സമാനവയസുള്ളവരുടെ സര്‍ട്ടിഫിക്കറ്റുമായാണ് പുറത്തിറങ്ങുന്നവരില്‍ പലരും എത്തുന്നത്. കടയില്‍ കയറുന്നതിന് മുമ്പ് വാക്സിന് സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചാല്‍ ഇവ കാണിയ്ക്കും.
സംശയനിവാരത്തിനായി കടക്കാര് ചോദിക്കുമ്പോള്‍ സര്‍ട്ടിഫിക്കറ്റുകളിലെ പേര് പറയുന്നതോടെ വിശ്വാസ്യതയുമായും.
മറ്റു തിരിച്ചറിയല്‍ രേഖകളൊന്നും ഇതോടൊപ്പം കാണിക്കാത്തതിനാല്‍ വ്യാജപേര് പറഞ്ഞാലും തിരിച്ചറിയാന്‍ സാധിക്കില്ല.
വാക്സിന് എടുത്തവരുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വരെ പുറത്തിറങ്ങുന്നതിനായി ഇത്തരത്തില്‍ വാക്സിന് സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിക്കുന്നുണ്ട്.
മൊബൈല്‍ ഫോണില്‍ പിഡിഎഫായി ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പേരുമാറ്റി എഡിറ്റ് ചെയ്യാനുള്ള സൗകര്യവും ഉണ്ട്. ഇപ്രകാരം സര്‍ട്ടിഫിക്കറ്റുകളിലെ പേര് തിരുത്തി ഉപയോഗിക്കുന്നവരും ധാരാളമുണ്ട്.
നിസഹായകരായി പോലീസ്
വ്യാജ വാക്സിന് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് പോലീസിനും വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഇവ തിരിച്ചറിയാനും കണ്ടെത്താനും സാങ്കേതിക ബുദ്ധിമുട്ടുകളും കാലതാമസവും ഏറെയാണ്.
വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ പേരും വയസും ആധാര്‍ നമ്പറിന്റെ അവസാന നാലക്കവുമാണ് ഉണ്ടാവുന്നത്. ബെനിഫിഷ്യറി റഫറന്‍സ് ഐഡിയും വാക്സിനേഷന് ഡീറ്റൈയില്‍സും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇവ സൂക്ഷ്മമായി പരിശോധിച്ചാല്‍ പോലും പോലീസിന് വ്യാജന്മാരെ തിരിച്ചറിയാന്‍ സാധിക്കില്ല. ആധാര്‍നമ്പര്‍ പരിശോധിച്ചാല്‍ വ്യാജന്മാരെ തിരിച്ചറിയാനാകും.
എന്നാല്‍ എല്ലാവരും ആധാര്‍കാര്‍ഡ് കൈയില്‍ കൊണ്ടുനടക്കണമെന്നില്ല. കൂടാതെ സര്‍ട്ടിഫിക്കറ്റില്‍ പേര് തിരുത്തുന്നവര്‍ സ്വാഭാവികമായും ആധാര്‍ നമ്പറിന്റെ അവസാന നാലക്കവും തിരുത്തും. ഇപ്രകാരം തിരുത്തുമ്പോള്‍ ആധാര്‍ താരതമ്യ പരിശോധനയും കാര്യക്ഷമമാവില്ല.
വാക്സിന് എടുത്തപ്പോള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചുള്ള പരിശോധനയിലൂടെ വാക്സിന് സര്‍ട്ടിഫിക്കറ്റ് വ്യാജമാണോയെന്ന് തിരിച്ചറിയാന്‍ സാധിക്കും.
എന്നാല്‍ ഒടിപി വഴി ഇവ സ്ഥിരീകരിക്കണമെങ്കില്‍ കാലതാമസം നേരിടും. കൂടാതെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ കൈയിലില്ലെന്നും മറ്റുമുള്ള വാദവും ഉന്നയിക്കാനാവും. കഴിഞ്ഞ ദിവസമാണ് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നത്.
ഇവിടേയും വാക്സിന് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഈ സാഹചര്യത്തില്‍ വാക്സിനെടുക്കാത്ത പലരും വ്യാജ സര്‍ട്ടിഫിക്കറ്റുമായാണ് പുറത്തിറങ്ങി ആസ്വദിക്കുന്നത്.
ഒരു ദിവസം വ്യാപാര സ്ഥാപനങ്ങളില്‍ ശരാശരി 20 മുതല്‍ 100 പേര് വരെ സന്ദര്‍ശിക്കും. വാക്സിന് എടുത്തവരെ മാത്രമാണ് കടയ്ക്കുള്ളില്‍ കയറ്റുന്നതെങ്കില്‍ പോലും ഇവ പരിശോധിച്ചുറപ്പുവരുത്താന്‍ കടക്കാര്‍ക്കും സാധിക്കില്ല.
സര്‍ക്കാര്‍ നയം പാളും
രോഗവ്യാപനം കുറയ്ക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കടകളിലും മറ്റും എത്തുന്നവര്‍ വാക്സിന് സ്വീകരിച്ചവരായിരിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇതിനെതിരേ ആദ്യഘട്ടത്തില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എങ്കിലും വ്യാപാര സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കുന്നവര്‍ക്ക് വാക്സിന് സര്‍ട്ടിഫിക്കറ്റുകള്‍ പലരും നിര്‍ബന്ധമാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ വ്യാപാരികള്‍ സര്‍ക്കാര്‍ മാനദണ്ഡം പാലിച്ചപ്പോള്‍ വ്യാജന്മാരും സര്‍ട്ടിഫിക്കറ്റുകളില്‍ നിറഞ്ഞു. ഇതോടെ വാക്സിന് സ്വീകരിക്കാത്തവര്‍ പോലും ധാരാളമായി കടകളില്‍ എത്താന്‍ തുടങ്ങി.
ഈ സാഹചര്യത്തില്‍ രോഗവ്യാപനം കൂടാനും സാധ്യതയേറെയാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
ആര്ടിപിസിആറിലും തട്ടിപ്പ്
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വ്യാജമായി പുറത്തിറങ്ങുന്നുണ്ട്. തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലേക്ക് പ്രവേശിക്കണമെങ്കില്‍ ആര്‍ടിപിസിആര്‍ പരിശോധനാഫലം ആവശ്യമാണ്.
ഈ പരിശോധനാ റിപ്പോര്‍ട്ടുകളും വ്യാജമായി തയാറാക്കുന്നുണ്ട്. സംസ്ഥാനത്തെ കടകളിലും മറ്റും പ്രവേശിപ്പിക്കണമെങ്കിലും ഇത്തരം സര്‍ട്ടിഫിക്കറ്റുകളും ഉപയോഗിക്കുന്നുണ്ട്.