പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെ എസ് ആർ ടി സിയിലെ അംഗീകൃത തൊഴിലാളി യൂണിയൻ പ്രതിനിധികളുമായി സിഎംഡി ബിജു പ്രഭാകരൻ നടത്തിയ ചർച്ചയിൽ പ്രധാന വിഷയങ്ങളിൽ തീരുമാനമായില്ല. ഓണക്കാല ആനുകൂല്യങ്ങളെ സംബന്ധിച്ച് മാത്രമാണ് ധാരണയായത്.
ശമ്പള പരിഷ്കരണം നടപ്പാക്കാത്തതിലും കഴിഞ്ഞ മാസത്തെ ശമ്പളം ഒമ്പതു ദിവസമായിട്ടും വിതരണം ചെയ്യാത്തതിലും പ്രതിഷേധിച്ച് ടി ഡി എഫ് പ്രതിനിധികൾ ചർച്ച ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.
അജണ്ടയിലുണ്ടായിരുന്നപല വിഷയങ്ങളിലും കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് (ബിഎംഎസ്) ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തു.
സിംഗിൾ ഡ്യൂട്ടി 12 മണിക്കൂറാക്കാനുള്ള (സ് പ്രെഡ് ഓവർ) നിർദ്ദേശം രണ്ടാമത്തെ അജണ്ടയായാണ് പരിഗണിച്ചത്.ഇതിനെ സംഘടനാ പ്രതിനിധികൾ ശക്തമായി എതിർത്തു.
8 മണിക്കൂർ കഴിഞ്ഞുള്ള സമയത്തിന് ഓവർടൈം ശമ്പളം നല്കണമെന്ന നിലപാട് സ്വീകരിച്ചതിനാൽ ഈ വിഷയത്തിൽ തീരുമാനമുണ്ടായില്ല.
മാത്രമല്ല 2020 ജനുവരിയിലെ ഡ്യൂട്ടി പാറ്റേൺ പുനസ്ഥാപിക്കണമെന്നും, ബിഎംഎസ് ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് പരിശോധന നടത്താമെന്ന് സിഎംഡി പറഞ്ഞു.
വൻ തുകകൾ വായ്പ എടുത്ത് മൂന്നാറിൽ ഹോളിഡേ ഹോം സ്ഥാപിക്കുന്നതിന്റെയും സപ്ലൈകോ മാവേലി സ്റ്റോറുകൾ സ്ഥാപിക്കുന്നതിന്റെയും റിഫ്രഷ് മെൻറ് സംവിധാനത്തിന്റെയും സാധ്യതകൾ സംബന്ധിച്ച റിപ്പോർട്ട് നല്കണമെന്നും അതിന് ശേഷം അഭിപ്രായം പറയാമെന്ന നിലപാടാണ് സംഘടന പ്രതിനിധികൾ സ്വീകരിച്ചത്.
മുൻവർഷത്തെ ഓണക്കാല ആനുകൂല്യങ്ങൾ മാത്രമാണ് ഇത്തവണയും കെ എസ് ആർ ടി സി ജീവനക്കാർക്ക് ലഭിക്കുന്നത്. 24000 രൂപ വരെ പരിധിയിലുള്ളവർക്ക് 8.33 ശതമാനം ബോണസ്കിട്ടും.
ബോണസിന് അർഹതയില്ലാത്ത ജീവനക്കാർക്ക് 2750 രൂപ ഉൽസവ ബത്ത യാ യും, നിലവിൽ കോർപ്പറേഷനിൽ സേവനമനുഷ്ഠിക്കുന്ന ബസ് വാഷിംഗ് ജീവനക്കാർ ഉൾപ്പടെയുള്ളവർക്ക് 2000 രൂപ പ്രത്യേക ഉൽസവബത്തയായും 2020-21 സാമ്പത്തിക വർഷത്തിൽ ആറ് മാസത്തെ തുടർച്ചയായ സർവ്വീസുള്ള കരാർ ജീവനക്കാർക്ക് 2750 രൂപയും അനുവദിക്കും.
ഓണം അഡ്വാൻസ് 15000 രൂപയും നൽകും. ബോണസിനോ, പ്രത്യേക ഉൽസവ ബത്തക്കോ അർഹതയില്ലാത്ത സർവ്വീസ് പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും 1000 രൂപ ഉൽസവ ബത്ത അനുവദിക്കും.
സി.കെ.ഹരികൃഷ്ണൻ (സി ഐ ടി യു ) കെ.എൽ.രാജേഷ് (ബിഎംഎസ്) ശശിധരൻ (ടി ഡി എഫ്) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘടനാ പ്രതിനി ധി ക ളാ ണ് ചർച്ചയിൽ പങ്കെടുത്തത്.