ദിവസവും നാം ഉപയോഗിക്കുന്ന പലതരം ആഹാരപാനീയങ്ങളിലെല്ലാം നിരവധി രാസവസ്തുക്കൾ ചെറിയ അളവിലാണെങ്കിലും അടങ്ങിയിട്ടുണ്ട്.
പ്രിസർവേറ്റീവ്സ്, ഫ്ളേവറിംഗ് ഏജന്റ്സ്, കളറുകൾ എന്നിങ്ങനെ പലപേരുകളിലും രൂപങ്ങളിലും. ഐസ്ക്രീം, ജെല്ലുകൾ, ജാം, പുഡ്ഡിംഗ്, സോസ്, സൂപ്പ് മിക്സ്….എന്നിങ്ങനെയുള്ള റെഡിമെയ്ഡ് ഭക്ഷ്യോത്പന്നങ്ങളിൽ പ്രിസർവേറ്റീവ്സും കളറുകളും കൂടാതെ മറ്റുപലതരം രാസവസ്തുക്കളും ഉപയോഗിക്കുന്നുണ്ട്.
ഫുഡ് അഡിറ്റീവ്സ്
ഭക്ഷണസാധനങ്ങൾ പ്രോസസ് ചെയ്ത്(സംസ്കരിച്ച്) ഏറെക്കാലം സൂക്ഷിച്ചുവച്ച് ഉപയോഗിക്കു ന്നതിനാണ് ഫുഡ് അഡിറ്റീവ്സ് ചേർക്കുന്നത്.
നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് ഏകദേശം 2500 ഫുഡ് അഡിറ്റീവ്സ് നാം ഉപയോഗിക്കുന്നുണ്ട്. എന്നാൽ അവ അനുവദനീയമായ അളവിലും അധികമായി ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കും.
പൊടിപ്പിച്ച് ഉപയോഗിക്കാം
പ്രോസസ് ചെയ്ത ഭക്ഷണം മികച്ചതാണെന്നു പലരും ധരിക്കുന്നുണ്ട്. പക്ഷേ, അതിൽ രാസവസ്തുക്കളുടെ സാന്നിധ്യം അത്രത്തോളമുണ്ടെന്നുകൂടി ഓർക്കണം.
പായ്ക്കറ്റിൽ ലഭിക്കുന്ന പ്രോസസ്ഡ് ധാന്യപ്പൊടികൾ ശീലമാക്കരുത്. ഗോതന്പ് വാങ്ങി കഴുകി ഉണക്കി പൊടിപ്പിച്ച് ഉപയോഗിക്കുന്നതാണു സുരക്ഷിതം.
മുളകും ഉണങ്ങി പൊടിപ്പിച്ചത് ഉപയോഗിക്കുന്നതാണു സുരക്ഷിതം. സുഗന്ധവ്യഞ്ജനങ്ങളും ധാന്യങ്ങളും വാങ്ങി വൃത്തിയാക്കി പൊടിപ്പിച്ച് ഉപയോഗിക്കുന്നതാണ് സുരക്ഷിതമെന്ന് ഫുഡ് സേഫ്റ്റി അധികൃതരും നിർദേശിക്കുന്നു.
കുഞ്ഞുങ്ങൾക്കു കൊടുക്കാമോ?
ചില ഉത്പന്നങ്ങളുടെ കവറിൽ ഫ്രീ ഫ്രം എംഎസ്ജി എന്നു രേഖപ്പെടുത്തിയിരിക്കും. (എംഎസ്ജി എന്നാൽ മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് – അജിനോമോട്ടോ.) അങ്ങനെ എഴുതിയിട്ടുണ്ടാകുമെങ്കിലും ടേസ്റ്റ് എൻഹാൻസറിൽ മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് അടങ്ങിയിട്ടുണ്ട്.
അതായത് ഭക്ഷണത്തിന്റെ സ്വാദു കൂട്ടാനും ചില സ്വാദിന്റെ തീവ്രത കൂട്ടാനും ചിലതിന്റെ കുറയ്ക്കാനും ടേസ്റ്റ് എൻഹാൻസർ സഹായകം. വാസ്തവത്തിൽ നാവിലുള്ള രുചിമുകുളങ്ങളെ ഉത്തേജിപ്പിക്കുകയാണ് എംഎസ്ജി ചെയ്യുന്നത്.
ഒരു വയസിനു താഴെയുള്ള കുഞ്ഞുങ്ങൾക്ക് എംഎസ്ജി അടങ്ങിയ ഭക്ഷണം കൊടുക്കാൻ പാടില്ലെന്നാണു നിർദേശം.
E 310, E 100 .. ഇതൊക്കെ എന്താണ്?
പായ്ക്കറ്റ് ഭക്ഷണവിഭവങ്ങളുടെ കവറിൽ ഇ ചേർന്ന ചില നന്പറുകൾ ചേർത്തിട്ടുണ്ട്. യൂറോപ്യൻ യൂണിയന്റെ നന്പറാണത്. ലോകമെന്പാടും ഉപയോഗിക്കുന്ന കോഡ്.
E 310, E 100 എന്നിങ്ങനെ. കളർകോഡാണത്. അനുവദനീയമായ കളറിനെ സൂചിപ്പിക്കുന്നു. ഉപയോഗിക്കാൻ പാടില്ലാത്ത കളർകോഡുകളുടെ ലിസ്റ്റ് ഫുഡ് സേഫ്റ്റി അഥോറിറ്റി വെബ്സൈറ്റിലുണ്ട്.
പച്ച, ഇളം മഞ്ഞ തുടങ്ങി മൂന്നു നാലു കളർ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. മധുരപലഹാരങ്ങളിൽ ചേർക്കാൻ മാത്രമാണ് അനുമതി. മെറ്റാനിൻ യെലോ അനുവദനീയമല്ല.
(തുടരും)
വിവരങ്ങൾ:
ഡോ. അനിതാ മോഹൻ,
നുട്രീഷൻ സ്പെഷലിസ്റ്റ് &
ഡയറ്റ് കൺസൾട്ടന്റ്