കണ്ണൂർ: മാധ്യമപ്രവർത്തകരുടെ വാഹനങ്ങളിൽ പതിക്കുന്ന പ്രസ് സ്റ്റിക്കർ ദുരുപയോഗം ചെയ്യുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ടൗൺ സിഐ ശ്രീജിത്ത് കൊടേരി.
ഇ-ബുൾജെറ്റ് യുട്യൂബിലെ സഹോദരന്മാരായ എബിൻ വർഗീസ്, ലിബിൻ വർഗീസ് എന്നിവരുടെ വാഹനം മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തപ്പോഴാണ് പ്രസ് സ്റ്റിക്കറുകളുടെ ദുരുപയോഗത്തിന്റെ വ്യാപ്തി പോലീസ് കണ്ടെത്തിയത്.
തങ്ങളുടെ വാഹനത്തിൽ പ്രസ് സ്റ്റിക്കർ ഒട്ടിച്ച് തങ്ങൾ മാധ്യമപ്രവർത്തകരാണെന്ന് തെറ്റിദ്ധിരിപ്പിച്ചാണ് ഇവർ ആർടി ഓഫീസിനകത്തേക്ക് കയറിയത്.
എന്നാൽ ഇവർ മാധ്യമ പ്രവർത്തകരല്ലെന്ന് പിന്നീട് വ്യക്തമായി. വാർത്താ ശേഖരണവുമായി ബന്ധപ്പെട്ട് സംഘർഷ മേഖല ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എത്തുന്ന മാധ്യമപ്രവർത്തകരെ തിരിച്ചറിയാനും ഇവരുടെ സുരക്ഷിതത്വം പോലീസുൾപ്പെടെയുള്ളവർക്ക് ഉറപ്പുവരുത്താനുമാണ് ഇവരുടെ വാഹനങ്ങൾക്ക് പ്രസ് സ്റ്റിക്കർ പതിക്കാൻ അനുമതി നൽകിയിരിക്കുന്നത്.
അംഗീകൃത മാധ്യമ സ്ഥാപനങ്ങളിലെ പത്രപ്രവർത്തകർക്കും ജീവനക്കാർക്കും മാത്രമേ പ്രസ് സ്റ്റിക്കർ ഉപയോഗിക്കാൻ പാടുള്ളൂ എന്നാണ് നിയമം. പത്ര വിതരണം നടത്തുന്ന വാഹനങ്ങളിൽ പത്രവിതരണ സമയത്ത് മാത്രമേ പ്രസ് സ്റ്റിക്കർ പതിക്കാവൂ എന്നും നിയമമുണ്ട്.
പത്രവിതരണ ജോലി കഴിഞ്ഞാൽ ഈ സ്റ്റിക്കർ മാറ്റണമെന്നും നിർദേശമുണ്ട്. എന്നാൽ പലരും ഇതു പാലിക്കാറില്ലെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മാധ്യമമേഖലയിൽ പ്രവർത്തിക്കുന്നവരല്ലാത്തവർ പ്രസ് സ്റ്റിക്കർ ദുരുപയോഗം ചെയ്യുന്നത് പോലീസ് കമ്മീഷണറുടെ ശ്രദ്ധയിൽ പെടുത്തുമെന്നും സിഐ അറിയിച്ചു.