ചങ്ങനാശേരി: മോട്ടോർ വാഹനവകുപ്പിന്റെ ഓപ്പറേഷൻ റാഷ് പദ്ധതി പുരോഗമിക്കുന്നു.
പിടിയിലാകുന്ന ബൈക്ക് അഭ്യാസികളിൽ പലർക്കും ലൈസൻസില്ലെന്നു കണ്ടെത്തിയതായി മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ വിശദീകരണം.
കഴിഞ്ഞ ഒന്പതു ദിവസത്തിനിടെ ഓപ്പറേഷൻ റാഷിലൂടെ ജില്ലയിൽ മാത്രം പിടികൂടിയത് എഴുപതോളം കേസുകളാണ്.
ചങ്ങനാശേരി ബൈപാസ് റോഡിൽ ബൈക്ക് അഭ്യാസ പ്രകടനത്തിനിടെ മൂന്നുപേർ മരിക്കാനിടയായ സംഭവത്തെത്തുടർന്നാണ് സംസ്ഥാന മോട്ടോർ വാഹന വകുപ്പ് ഓപ്പറേഷൻ റാഷിനു തുടക്കമിട്ടത്.
റോഡിൽ നിന്നും പിടികൂടുന്ന ബൈക്ക് അഭ്യാസക്കാരെ ചോദ്യം ചെയ്യുന്പോഴാണ് പലർക്കും ലൈസൻസില്ലെന്ന കാര്യം വ്യക്തമാകുന്നത്. പല ബൈക്കുകൾക്കും മതിയ രേഖകളില്ലെന്നും തെളിഞ്ഞിട്ടുണ്ട്.
രജിസ്റ്റേർഡ് ഉടമകളായ മാതാപിതാക്കളെ വിളിച്ചു വരുത്തുന്പോഴാണ് മക്കളുടെ പ്രകടനങ്ങളുടെ വിവരം അവർ അറിയുന്നത്.
മക്കളുടെ ഭീഷണിക്കു മുന്പിൽ വഴങ്ങിയാണ് പല മാതാപിതാക്കളും മക്കൾക്ക് ആഡംബര ബൈക്കുകൾ വാങ്ങി നൽകിയതെന്നു ചോദ്യം ചെയ്യലിൽനിന്നു വ്യക്തമാകുന്നതായും പോലീസും മോട്ടോർ വാഹന വകുപ്പ് അധികൃതരും പറഞ്ഞു.
കഴിഞ്ഞ ഒന്പതു ദിവസത്തിനിടെ മോഡിഫിക്കേഷൻ വരുത്തിയ 23 ബൈക്കുകളാണ് പിടിച്ചെടുത്തത്. ഈ ഇനത്തിൽ 23,000 രൂപ പിഴ ഈടാക്കി. നന്പർ പ്ലേറ്റില്ലാതെ ഓടിയ 35 ബൈക്കുകൾ പിടിച്ചെടുത്തു.
ഓപ്പറേഷൻ റാഷിൽ ജില്ലയിൽ വിവിധ കേസുകളിലായി 2,64250 രൂപ പിഴ ഈടാക്കിയതായി എൻഫോഴ്സ്മെന്റ് ആർടിഒ ടോജോ എം. തോമസ് പറഞ്ഞു.