കോട്ടയം: പുതിയ സർക്കാർ ഭരണം മൂന്നു മാസം പിന്നിടുന്പോഴും തെരഞ്ഞെടുപ്പ് ദിവസങ്ങളിൽ ഓട്ടംപോയ സ്വകാര്യ ബസുകൾക്ക് വാടക ലഭിച്ചില്ല.
ഏപ്രിൽ അഞ്ച്, ആറ് തീയതികളിൽ തെരഞ്ഞെടുപ്പിന് സർക്കാർ ഏറ്റെടുത്ത ബസുകളുടെ വാടക ലഭിക്കാതെ ഉടമകൾ ഓഫീസുകൾ കയറിയിറങ്ങുകയാണ്.
കോവിഡിനു പിന്നാലെ തകർന്ന മേഖലയെ വീണ്ടും തകർക്കുന്ന പ്രവണതയാണിതെന്നു കുറ്റപ്പെടുത്തുന്നു.150ൽ അധികം ബസുകൾക്കാണ് മാസങ്ങൾ പിന്നിട്ടിട്ടും വാടക ഇനത്തിലുള്ളത് നൽകാതെ അധികൃതർ നടത്തിക്കുന്നത്.
ഒരു ബസിനു 10,000 മുതൽ വാടകല ലഭിക്കാനുണ്ട്. ഓട്ടം വിളിച്ചവരും തെരഞ്ഞെടുപ്പ് ചുമതലക്കാരും നിലവിൽ ചുമതലയൊഴിഞ്ഞതോടെ വാടക നൽകാൻ ചുമതലപ്പെട്ടവർ ആരെന്ന് ഒരു വകുപ്പിനും അറിയില്ല.
കനത്ത ഇന്ധന വിലക്കയറ്റവും കോവിഡ് നിയന്ത്രണങ്ങളുമുള്ള സാഹചര്യത്തിലായിരുന്നു ഉടമകൾ ബസുകൾ വിട്ടുകൊടുത്തത്.
നാലു ദിവസത്തോളം തെരഞ്ഞെടുപ്പ് ഓട്ടമുണ്ടായിരുന്നു. സമീപ ജില്ലകളിലെ സ്വകാര്യ ബസുകൾക്ക് വാടക ലഭിച്ച് നാളുകളേറെയായി.
നിത്യച്ചെലവിനു മാർഗമില്ലാതെ ബുദ്ധിമുട്ടുന്ന ഉടമകൾക്ക് അടിയന്തരമായി വാടക നൽകണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്. സുരേഷ് ആവശ്യപ്പെട്ടു.