തലശേരി: പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതികളായി റിമാൻഡിൽ കഴിയുന്ന ദമ്പതികളെ ധർമടം സിഐ എം.പി സുമേശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചോദ്യം ചെയ്തു. കണ്ണൂർ വനിതാ ജയിലിലും സബ് ജയിലിലുമായിട്ടാണ് ഇരുവരേയും ചോദ്യം ചെയ്തത്.
പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതൃ സഹോദരിയേയും ഭർത്താവിനെയുമാണ് ചോദ്യം ചെയ്തത്. മാതൃ സഹോദരി കൈക്കുഞ്ഞിനോടൊപ്പമാണ് റിമാൻഡിലുള്ളത്.
യുവതിയുടെ ജാമ്യ ഹർജി കോടതി നേരത്തെ തള്ളിയിരുന്നു. യുവതിയുടെ ഭർത്താവ് ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നില്ല.
ദമ്പതികളെ ചോദ്യം ചെയ്തതിൽ നിന്നും സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെയുള്ള ചില നിർണായക തെളിവുകൾ പോലീസിന് ലഭിച്ചതായിട്ടാണ് അറിയുന്നത്.
സാന്പത്തിക ഇടപാടുകൾ
കേസിലെ മറ്റൊരു പ്രതിയായ തലശേരി ഗുഡ് ഷെഡ് റോഡിലെ ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാൻകണ്ടി ഷറഫുദ്ദീ (68) നും മറ്റ് രണ്ട് പ്രതികളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
മുപ്പത് ദിവസം റിമാൻഡിൽ കഴിഞ്ഞിരുന്ന ഷറഫുദ്ദീന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാപിതാക്കളുടെ മൊഴി 164 പ്രകാരം കണ്ണൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രേഖപ്പെടുത്തും.
ഇത് സംബന്ധിച്ച് അന്വേഷണ സംഘം നൽകിയ ഹർജി ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി അനുവദിക്കുകയും മൊഴി രേഖപ്പെടുത്താൻ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ ചുമതലപ്പെടുത്തുകയുമായിരുന്നു.
ഒന്നാം പ്രതി ജാമ്യഹർജി നൽകുന്നില്ല
യുവതിയുടെ ഭർത്താവും റിമാൻഡിലാണുള്ളത്. ഒന്നാം പ്രതിയായ ഇയാൾക്ക് വേണ്ടി ഇതുവരെ ജാമ്യ ഹർജി കോടതിക്ക് മുന്നിൽ എത്തിയിട്ടില്ല. കതിരൂർ, ധർമ്മടം പോലീസ് സ്റ്റേഷനുകളിലെ രണ്ട് പോക്സോ കേസുകളിലും യുവതിയുടെ ഭർത്താവ് പ്രതിയാണ്.
മാർച്ച് 25നായിരുന്നു കേസിനാസ്പദമായ സംഭവം. ഏറെ വിവാദമായ ഈ കേസിൽ ഷറാറ ഷറഫുവിനെ രക്ഷിക്കാൻ നടന്ന ശ്രമങ്ങൾ വാർത്താ പ്രാധാന്യം നേടിയിരുന്നു.
ഷറാറക്ക് ലൈംഗിക ക്ഷമതയില്ലെന്ന ജനറൽ ആശുപത്രിയിലെ ഡോക്ടറുടെ നിഗമനവും വിവാദമായിരുന്നു. തുടർന്ന് കോടതിയുടെ നിർദ്ദേശ പ്രകാരം ജില്ലാ ആശുപത്രിയിലെ ആറംഗ വിദഗ്ദ സംഘം നടത്തിയ പരിശോധനയിൽ ഷറാറക്ക് ലൈംഗിക ക്ഷമതയുണ്ടെന്ന് കണ്ടെത്തിയിരുന്നു.
ജൂൺ 28 തിങ്കളാഴ്ചയാണ് ധർമടം സി ഐയായിരുന്ന അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഷറാറ ഷറഫുവിനെ അറസ്റ്റ് ചെയ്തത്.