സിജോ പൈനാടത്ത്
കൊച്ചി: കച്ചവടസ്ഥാപനങ്ങളിലെ കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കാത്ത സാഹചര്യത്തില്‍, തിരക്ക് നിയന്ത്രിക്കാന്‍ രാത്രികാല ഷോപ്പിംഗ് പരിഹാരമാകുമോ? ഒരിടവേളയ്ക്കുശേഷം കൊച്ചി നഗരവാസികളും വ്യാപാരികളും നൈറ്റ് ഷോപ്പിംഗിന്റെ സാധ്യതകളെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ്.
ഘട്ടം ഘട്ടമായി കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ നഗരത്തിലും പുറത്തും വ്യാപാര സ്ഥാപനങ്ങളില്‍ തിരക്ക് കൂടിത്തുടങ്ങിയിട്ടുണ്ട്. ഒരേസമയം കടകളില്‍ കയറാവുന്ന ആളുകളുടെ എണ്ണത്തില്‍ നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും തിരക്കേറുന്ന ഘട്ടങ്ങളില്‍ അതു ഫലപ്രദമാകുന്നില്ലെന്നാണ് ആക്ഷേപം.
ഹോള്‍സെയില്‍ കടകളിലും സൂപ്പര്‍-ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ചിലസമയങ്ങളില്‍ നിയന്ത്രണാതീതമായ തിരക്ക് അനുഭവപ്പെടുന്നുണ്ടെന്നതും കച്ചവടക്കാരെ അലട്ടുന്നുണ്ട്. മിക്ക കടകള്‍ക്കു മുമ്പിലും ആള്‍ക്കൂട്ട നിയന്ത്രണങ്ങള്‍ സംബന്ധിച്ച പോലീസ് നിര്‍ദേശങ്ങള്‍ എഴുതി പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും ഷോപ്പിംഗിനെത്തുന്നവര്‍ അതു പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കാര്യമായ സംവിധാനങ്ങളില്ല.
കടകളില്‍ ഇങ്ങനെ(യാവണം)
വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഒമ്പതു വരെ പ്രവര്‍ത്തിക്കാമെന്നാണു ഓഗസ്റ്റ് അഞ്ചു മുതലുള്ള വ്യവസ്ഥ. 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന കണക്കില്‍ മാത്രമേ കടകള്‍ക്കുള്ളില്‍ ആളുകളെ അനുവദിക്കാവൂ. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും രാത്രി 9.30 വരെ പാഴ്സല്‍ വിതരണം അനുവദിക്കും.
തിങ്കള്‍ മുതല്‍ ശനിവരെ എല്ലാ കടകളും തുറക്കാം. വരുന്ന രണ്ടു ഞായറാഴ്ചകളില്‍ ലോക് ഡൗണ്‍ ഇല്ലാത്തതിനാല്‍ അന്നും കടകളുടെ പ്രവര്‍ത്തനത്തിനു തടസമുണ്ടാകില്ല. മുഴുവന്‍ കടകളിലും ജീവനക്കാരുടെ വാക്സിനേഷന് നില പ്രസിദ്ധീകരിക്കണം.
അതോടൊപ്പം ഒരുസമയം പ്രവേശനം അനുവദിക്കുന്നവരുടെ എണ്ണവും കാണിക്കണം. ഇതു കടയുടമകളുടെ ഉത്തരവാദിത്തമാണ്. സ്ഥാപനങ്ങള്‍ക്ക് അകത്തും പുറത്തും നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി എന്‍ഫോഴ്സ്മെന്റിന്റെ നേതൃത്വത്തില്‍ പരിശോധനയുണ്ട്.
അകലമില്ല, നടപടിയുണ്ട്
വ്യാപാര സ്ഥാപനങ്ങളില്‍ സാമൂഹിക അകലം പാലിക്കാത്തതിനു നഗരത്തില്‍ മാത്രം സെക്ടറല്‍ മജിസ്ട്രേട്ടുമാര്‍ 29 പേരില്‍നിന്നു പിഴയീടാക്കിയത് കഴിഞ്ഞ തിങ്കളാഴ്ച. വ്യാപാര സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ മാസ്ക് ധരിക്കാത്തതും സാനിറ്റെസര്‍ ഇല്ലാത്തതുമായ സംഭവങ്ങളില്‍ 12 പേര്‍ക്കെതിരെയും അന്നു നടപടി സ്വീകരിച്ചു.
ഓണക്കാലം തിരക്കുകാലം
ഓണക്കാലത്തു കടകളില്‍ തിരക്കു കൂടുമെന്നാണു വിലയിരുത്തല്‍. സാധാരണ പ്രവൃത്തി സമയം മാത്രമെങ്കില്‍, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന ചട്ടം കച്ചവടസ്ഥാപനങ്ങളില്‍ ഉറപ്പാക്കുക എളുപ്പമല്ലെന്നാണു വ്യാപാരികള്‍ പറയുന്നത്.
മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ പെറ്റി കേസെടുക്കുന്നതിന്റെ ആശങ്കയും വ്യാപാരികള്‍ മറച്ചുവയ്ക്കുന്നില്ല. പകലിലെ തിരക്കുകള്‍ക്കുശേഷം രാത്രിയില്‍ സമാധാനമായി ഷോപ്പിംഗിന് അവസരമൊരുക്കുന്നതു ജനങ്ങള്‍ക്കു സുരക്ഷിതമായി സാധനങ്ങള്‍ വാങ്ങുന്നതിനു സഹായിക്കുമെന്നാണു വ്യാപാരികളും പറയുന്നത്.
2011ല്‍ പാളി!
ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി 2011 ല്‍ കൊച്ചിയില്‍ നൈറ്റ് ഷോപ്പിംഗ് നടപ്പാക്കിയെങ്കിലും പൂര്‍ണ വിജയത്തിലെത്തിയില്ല. റസ്റ്ററന്റുകളിലും ഹോട്ടലുകളിലും രാത്രിയില്‍ ആളുകള്‍ അധികമായി എത്തിയെങ്കിലും തുണിക്കടകളിലും മറ്റും കാര്യമായി തിരക്കുണ്ടായില്ല.
കോവിഡിനു തൊട്ടുമുമ്പ് ഒരു മാസം നീണ്ടു നില്ക്കുന്ന നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചെങ്കിലും തുടര്‍ സാഹചര്യങ്ങളില്‍ തട്ടി അതൊഴിവായി. സ്ട്രീറ്റ് ഫുഡ് മേള, ഗാനമേള, വിവിധ കലാപരിപാടികള്‍ തുടങ്ങിയവ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കാനായിരുന്നു പദ്ധതി.
നൈറ്റ് ഷോപ്പിംഗ് ഗുണം ചെയ്യും= വി.ഡി. സതീശന്, പ്രതിപക്ഷ നേതാവ്
കൂടുതല്‍ സമയം കടകള്‍ തുറന്നുവയ്ക്കുന്നതു തിരക്കൊഴിവാക്കാന്‍ സഹായിക്കും. കൊച്ചി പോലുള്ള നഗരങ്ങളില്‍ ഇപ്പോഴത്തെ ഘട്ടത്തില്‍ നൈറ്റ് ഷോപ്പിംഗ് പ്രോത്സാഹിപ്പിക്കുന്നതു തിരക്കു നിയന്ത്രിക്കാന്‍ ഗുണകരമാകുമെന്നാണ് അഭിപ്രായം. നിലവിലെ കോവിഡ് നിയന്ത്രണങ്ങള്‍ തീര്‍ത്തും അശാസ്ത്രീയമാണ്.
കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് അശാസ്ത്രീയമായ മാനദണ്ഡങ്ങള്‍ മൂലമെന്നു താന്‍ നിയമസഭയില്‍ പറഞ്ഞപ്പോള്‍ മന്ത്രി പരിഹസിച്ചു. കേരളത്തിന്റെ മികവിനെക്കുറിച്ചുള്ള സര്‍ക്കാരിന്റെ ഓരോ അവകാശവാദവും പൊളിയുകയാണ്. കോവിഡ് നിയന്ത്രണത്തിനു പലതരം മാതൃകകൾ നമുക്കു മുന്നിലുണ്ട്. നല്ല ആശയങ്ങള്‍ വരുമ്പോള്‍ ദുരഭിമാനം വെടിഞ്ഞ് സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.
നിലവിൽ പ്രായോഗികമാവില്ല =എം.അനില്‍കുമാര്‍, കൊച്ചി മേയര്‍
കോവിഡ് പൂര്‍ണമായി നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ കൊച്ചിയില്‍ രാത്രികാല ഷോപ്പിംഗ് അനുവദിക്കുന്നത് നിലവിൽ പ്രായോഗികമാവില്ല.സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ നമുക്കു കടമയുണ്ട്.
വ്യാപാരികളുമായി കോര്‍പറേഷനും ജില്ലാ കളക്ടറും ചര്‍ച്ചകള്‍ നടത്തിയിരുന്നു. കച്ചവടക്കാരുടെ പരാധീനതകളെല്ലാം കേട്ടു. അവരുടെ ആവശ്യങ്ങള്‍ പരമാവധി നടപ്പാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കച്ചവടക്കാര്‍ക്കു വാക്സിനേഷന് ക്യാമ്പും നടത്തി. രോഗഭീതിയൊഴിയുന്ന സാഹചര്യമാകുമ്പോള്‍ നൈറ്റ് ഷോപ്പിംഗ് കൊച്ചി നഗരത്തിനു പൊതുവില്‍ ഗുണം ചെയ്യും.
പ്രവര്‍ത്തനസമയം കൂട്ടണം= ഫ്രാന്‍സിസ് ആലപ്പാട്ട്, സംസ്ഥാന പ്രസിഡന്റ്, വ്യാപാരി വ്യവസായി കോണ്‍ഗ്രസ്
കോവിഡില്‍ തകര്‍ന്ന വ്യാപാരികള്‍ക്കു സീസണല്‍ കച്ചവടത്തിലാണ് ഇനി പ്രധാന പ്രതീക്ഷ. ഓണക്കാലത്തു പരമാവധി സമയം കടകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കണം. സമയം കൂട്ടി നല്കിയാല് സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്നതു പ്രായോഗികമാകും.
കടകളുടെ പ്രവര്‍ത്തന സമയം പരമാവധി വര്‍ധിപ്പിക്കുന്നതു രോഗവ്യാപനം കുറയ്ക്കാന്‍ സഹായിക്കും. അശാസ്ത്രീയമായ സമീപനരീതികള്‍ കച്ചവടക്കാരെ ബാധിക്കുകയാണ്. 90 ശതമാനത്തിലധികം വ്യാപാരികളും ബാങ്കു വായ്പ എടുത്തവരാണ്.
വായ്പാ കുടിശികയുമായി ത്രിശങ്കുവിലാണവര്. നൈറ്റ് ഷോപ്പിംഗ് പ്രയോജനപ്പെടുത്താനാവുന്ന വ്യാപാരികള്‍ക്ക് അതു നേട്ടമാകും.
തിരക്കൊഴിയാൻ സഹായിക്കും= ജോണ്സണ് സി. ഏബ്രഹാം, എക്സിക്യൂട്ടീവ് ഡയറക്ടര്‍, ചാവറ മാട്രിമണി
ഓണക്കാലത്തു കച്ചവടസ്ഥാപനങ്ങളില്‍ കൂട്ടംകൂടല്‍ ഒഴിവാക്കാന്‍ രാത്രികാല ഷോപ്പിംഗ് ഗുണം ചെയ്യും. കുറച്ചു സമയം കൂടുതല്‍ പേര് കടകളില്‍ വരുന്നതിനേക്കാള്‍ കൂടുതല്‍ സമയം അനുവദിച്ചു പല സമയങ്ങളില്‍ ആളുകളെത്തുന്നതാണ്.
പേടിയില്ലാതെ, തിരക്കില്ലാതെ കടകളില്‍ പോകാന്‍ അവസരമൊരുങ്ങണം. രാത്രികാല ഷോപ്പിംഗ് നടപ്പാക്കിയാല്‍ പോലീസിന്റെ ശ്രദ്ധയും കൂടുതലായി ഉണ്ടാകണം.