ചവറ/കരുനാഗപ്പള്ളി: ഏഴ് വയസ് മാത്രം പ്രായമുള്ള സ്കൂള്‍ വിദ്യാര്‍ഥിനിയെ തട്ടികൊണ്ടു പോയി ലൈംഗിക പീഡനം നടത്തിയ കേസില്‍ പ്രതിക്ക് കരുനാഗപ്പള്ളി പോക്സോ കോടതി 25 വര്‍ഷം ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. സ്പെഷല്‍ ജഡ്ജി എ ഷാജഹാനാണ് വിധി പ്രസ്താവിച്ചത്.
ചവറ തേവലക്കര സ്വദേശി ഹാരിസ് എന്ന ജാരിസ് ( 35 ) നെയാണ്കോടതി ശിക്ഷിച്ചത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍.
2018 സെപ്റ്റംബര്‍ 22നാണ് കേസിനാസ്പദമായ സംഭവം. വൈകുന്നേരം സ്കൂള്‍ ബസില്‍ വന്നിറങ്ങി വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന പെണ്‍കുട്ടിയെ മാതാവിനോട് സംസാരിക്കുകയാണ് എന്നമട്ടില്‍ മൊബൈല്‍ ചെവിയില്‍വച്ച് മോളെന്റെ കൂടൊണ്ട്, കൊണ്ടുവരാം എന്ന് പറഞ്ഞ് ബൈക്കില്‍ തട്ടിക്കൊണ്ടുപോയി വിജനമായ സ്ഥലത്ത് എത്തിച്ച് മൃഗീയമായ പീഡനത്തിനിരയാക്കിയതാണ് പ്രേസിക്യൂഷന് കേസ്.
പീഡനത്തിനിടയില്‍ കരഞ്ഞ കുട്ടിയെ ജാരിസ് ഭീഷണിപ്പെടുത്തി തെക്കുംഭാഗം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സാഹചര്യത്തെളിവുകളെല്ലാം കോടതിയില്‍ പ്രോസിക്യൂഷന് അനുകൂലമായിരുന്നു.
പീഡനത്തിനു ശേഷം റോഡില്‍ ഇറക്കിവിട്ട പെണ്‍കുട്ടിയെ സമീപവാസിയായ വീട്ടമ്മ കാണുകയും സ്കൂള്‍ ഐഡി കാര്‍ഡില്‍ നിന്നും ലഭിച്ച നമ്പര്‍ വഴി വീട്ടുകാരെ ബന്ധപ്പെടുകയും ആയിരുന്നു.
ഈ വീട്ടമ്മയും പെണ്‍കുട്ടിയുടെ വീട്ടുകാരും ഉള്‍പ്പെടെ ശക്തമായ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടും കോടതിയില്‍ പ്രതിക്കെതിരെ കൃത്യമായ മൊഴി നല്‍കിയതായി പ്രോസിക്യൂഷന് അറിയിച്ചു.
ചവറ, തേവലക്കര, തെക്കുംഭാഗം പ്രദേശങ്ങളിലായുള്ള നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്. നാലുതവണ കാപ്പ കേസില്‍ പെട്ട് ജയിലിലായിരുന്നു. നിലവില്‍ ഇരുപതോളം കേസുകളില്‍ വിചാരണ നേരിടുന്നുണ്ട്.
പല കേസുകളിലും സാക്ഷികളെ ഭീഷണിപ്പെടുത്തി കോടതിയില്‍ മൊഴി മാറ്റി പറയിച്ച് ശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടു പോരുന്ന ശൈലിയാണ് ഇയാള്‍ക്ക് ഉണ്ടായിരുന്നതെന്നും പ്രോസിക്യൂഷന് പറഞ്ഞു.
തെക്കുംഭാഗം ഇന്‍സ്പെക്ടര്‍ ജയകുമാര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി ശിവപ്രസാദ് കോടതിയില്‍ ഹാജരായി