കുമരകം: കോപ അമേരിക്ക കിരീടം അർജന്റീന നേടിയതും കണ്ടിട്ടാണ് കുമരകത്തിന്റെ കാരണവരും ഇന്ത്യയിലെ മുതിർന്ന അർജന്റീനിയൻ ഫുട്ബോൾ ആരാധകനുമായിരുന്ന കൊടിയാറ്റ് (പരുവക്കൽ) ഒ.ജെ. ഫിലിപ്പ് എന്ന ഇള്ളപ്പൻ (108) യാത്രയായത്.
സംസ്കാരം ഇന്നു ഉച്ചകഴിഞ്ഞ് മൂന്നിന് സെന്റ് ജോണ്സ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിൽ.വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഇന്നലെ വൈകുന്നേരം നാലിനായിരുന്നു അന്ത്യം. കടുത്ത അർജന്റീന ഫുട്ബോൾ ടീം ആരാധകനായിരുന്നു ഇള്ളപ്പൻ.
അർജന്റീനൻ ടീമിനോടു ആരാധന മൂലം തന്റെ വീടും പരിസരവും താൻ സഞ്ചരിച്ചിരുന്ന കാറും അർജന്റീനിയൻ പതാകയുടെ വർണങ്ങളാൽ ഇദ്ദേഹം അലങ്കരിച്ചിരുന്നു. 1930ൽ കോട്ടയം സിഎംസ് കോളജ് വിദ്യാർഥിയായിരുന്നപ്പോൾ ഇള്ളപ്പൻ സ്വാതന്ത്ര്യ സമരത്തിനു നേതൃത്വം നൽകി.
സമരത്തിന്റെ ഭാഗമായി പ്രിൻസിപ്പൽ സായ്പ്പിനെയും പത്നിയേയും തടഞ്ഞ് അദ്ദേഹം റോഡിൽ കിടന്ന ചിത്രം ദേശീയ മാധ്യമങ്ങൾ വരെ അക്കാലത്ത് വാർത്തയാക്കിയിരുന്നു. കായികരംഗത്തും ബഹുമുഖ പ്രതിഭയായിരുന്നു. സിഎംഎസ് കോളജിലെ ഫുട്ബോൾ, ബാസ്ക്കറ്റ് ബോൾ ടീമുകളുടെ ക്യാപ്റ്റനും ടെന്നിസ്, ബാഡ്മിന്റൻ താരവുമായിരുന്നു.
കോട്ടയത്തെ ആദ്യ കാലത്തെ ഫുട്ബോൾ ക്ലബായ എച്ച്എംസിക്ക് രൂപം നൽകുകയും ടീമിന്റെ പ്രധാന കളിക്കാരനുമായിരുന്നു. കുമരകത്തിൻറെ സാമൂഹിക കായിക രംഗങ്ങളിൽ നിരവധി സംഭാവനകൾ ഇള്ളപ്പന്േറതാണ്.
കുമരകത്ത് ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ എന്ന സംഘടന ഉണ്ടാക്കുകുകയും സമരങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത ഇള്ളപ്പൻ മൃഗാശുപത്രി, സഹകരണ ബാങ്ക് (2298), കുമരകം വൈഎംസിഎ കുമരകത്തെ ആദ്യ ജിംനേഷ്യം അങ്ങനെ പലസംരംഭങ്ങളും തുടക്കം കുറിച്ചു.
തുടർച്ചയായി 15 വർഷം കുമരകം വൈഎംസിഎയുടെ പ്രസിഡറായിരുന്ന ഇദ്ദേഹം നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിട്ടുണ്ട്. ഭാര്യ: കോട്ടയം ചക്കാലയിൽ പരേതയായ ഗ്രേസി. മക്കൾ: സിന്ധു, അജിത (ഓസ്ട്രേലിയ), പരേതനായ ബോസ്. മരുമക്കൾ: ബോണി (ഓസ്ട്രേലിയ), പരേതനായ ജോണ് ചെറിയാൻ.