ഫ്ളോറിഡ: പുതിയ അധ്യയന വർഷം വിദ്യാലയങ്ങൾ തുറക്കുന്പോൾ വിദ്യാർഥികൾ മാസ്ക് ധരിക്കേണ്ടതില്ലെന്ന ഫ്ളോറിഡ ഗവർണറുടെ ഉത്തരവ് ലംഘിച്ച് സ്കൂൾ ലീഡർമാർ കുട്ടികളെ മാസ്ക് ധരിക്കാൻ നിർബന്ധിച്ചാൽ അവരുടെ ശന്പളം തടഞ്ഞുവയ്ക്കാൻ മടിക്കുകയില്ലെന്ന് ഫ്ളോറിഡ ഗവർണർ വീണ്ടും മുന്നറിയിപ്പ് നൽകി. സ്വയമായി മാസ്ക്ക് ധരിച്ചാൽ അതിനെ എതിർക്കയില്ലെന്നും ഗവർണർ വ്യക്തമാക്കി.
യുവജനങ്ങളിൽ ഡെൽറ്റാ വേരിയന്റ് വർധിക്കുന്ന സാഹചര്യത്തിലാണ് ചില വിദ്യാഭ്യാസ ജില്ലകളിൽ മാസ്ക് ധരിക്കണമെന്ന് നിർബന്ധിക്കുന്നത്. ഇതു വിദ്യാർഥികളുടെ സുരക്ഷ കരുതിയാണെന്നാണ് ഇവരുടെ വാദം.
ഡെൽറ്റാ വേരിയന്റ് വ്യാപനം കുട്ടികളിൽ കാണുന്നില്ലെന്നും അമേരിക്കയിൽ ഇതുവരെ ഏകദേശം 1 ശതമാനത്തിന് താഴെ മാത്രമേ കുട്ടികളിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളതെന്നും അതിൽ തന്നെ 0.01 ശതമാനത്തിനു താഴെ മാത്രമേ കുട്ടികളെ കോവിഡ് ബാധിച്ചു ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളൂവെന്നുമാണ് കണക്കുകൾ ഉദ്ധരിച്ചു ഫ്ളോറിഡ ഗവർണർ പറയുന്നത്.
അമേരിക്കയിൽ സ്കൂളുകളിൽ പോയതിനാൽ കോവിഡ് ബാധിച്ചു കുട്ടികളാരും മരിച്ചുവെന്ന് ഒരു സംഭവം പോലും റിപ്പോർട്ട് ചെയ്യപ്പെട്ടതായി അറിവില്ലെന്നും എന്നാൽ സ്കൂളിൽ പോകാതെ വീട്ടിലിരുന്നു നിരാശമൂലവും,
മറ്റു പല മാനസിക അസ്വസ്ഥത മൂലവും കുട്ടികൾ മരിച്ച സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും വിശദീകരണം നൽകിയിട്ടുണ്ട്.
ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് കുട്ടികൾ സ്കൂളുകളിൽ പോയി പഠിക്കണമെന്ന തീരുമാനം സ്വീകരിച്ചതെന്നും വിശദീകരണമുണ്ട്.
ടെക്സസ് ഗവർണറും, ഫ്ളോറിഡ ഗവർണറും സ്കൂൾ തുറന്ന് വിദ്യാർഥികൾ ക്ലാസിൽ വരണമെന്ന് ഉത്തരവിറക്കിയിട്ടുള്ളത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ