കണ്ണൂര്‍: ശമ്പളം നല്‍കാതെയും പ്രഖ്യാപിച്ച ശമ്പള പരിഷ്ക്കരണം നടപ്പാക്കാതേയും ജീവനക്കാരെ ദുരിതക്കയത്തിലാക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡിനെതിരെ സമരവുമായി ക്ഷേത്ര ജീവനക്കാര്‍. പോരാട്ടം പട്ടിണിക്കെതിരെ എന്ന മുദ്രാവാക്യവുമായാണ് മലബാര്‍ ദേവസ്വം സ്റ്റാഫ് യൂണിയന് ഐ എന്‍ടിയുസി യും മലബാര്‍ ദേവസ്വം എംപ്ലോയീസ് കോണ്‍ഗ്രസും സംയുക്തമായി വിവിധ കളക്ടറേറ്റുകള്ക്കുമുന്നില് പ്രതിഷേധ സമരം സംഘടിപ്പിച്ചത്.
ഓണത്തിന് മുമ്പ് ശമ്പള കുടിശിക മുഴുവനായും അനുവദിക്കുക, ശമ്പള പരിഷ്ക്കരണം നടപ്പിലാക്കി അനുകൂല്യം ജീവനക്കാര്‍ക്ക് ലഭ്യമാക്കുക, സമഗ്ര മലബാര്‍ ദേവസ്വം പരിഷ്കരണ ബില്‍ നിയമമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാരുടെ കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ സമരത്തിനിറങ്ങിയത്.
കുറെ ക്ഷേത്രങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ കുടിശിക ലഭിക്കുവാന്‍ ബാക്കിയുണ്ട്. കോവിഡിന്റെ സാഹചര്യത്തില്‍ ക്ഷേത്ര വരുമാനം കുറഞ്ഞതോടെ ജീവനക്കാര്‍ക്ക് ക്ഷേത്ര വിഹിതമായി ലഭിക്കുന്ന ശമ്പളവും മുടങ്ങിക്കിടക്കുകയാണ്. സ്വന്തം നിലയില്‍ ശമ്പളം നല്‍കിവരുന്ന വരുമാനം കൂടിയ ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്കും മാസങ്ങളായി ശമ്പളം മുടങ്ങിക്കിടക്കുകയാണ്.
ശമ്പളം പരിഷ്കരിച്ച് ഉത്തരവ് ഇറങ്ങിയെങ്കിലും ക്ഷാമബത്ത പ്രഖ്യാപിക്കുന്നതിലുള്ള അവ്യക്തയില്‍ കുടുങ്ങി പരിഷ്ക്കരണത്തിന്റെ ആനുകൂല്യം ലഭിക്കുന്നതും വൈകുകയാണ്. ഈ സാഹചര്യത്തിലാണ് ഓണക്കാലത്ത് ജീവനക്കാരെ പട്ടിണിയില്‍ നിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ സമരത്തിനിറങ്ങിയത്.
കാസര്‍ഗോഡ് കലക്ട്രറ്റിനു മുന്നില്‍ നടന്ന സമരം മുന്‍ എംഎല്‍എ കെ.പി .കുഞ്ഞിക്കണ്ണനും കണ്ണൂര്‍ കലക്ട്രേറ്റിനു മുന്നിലെ പ്രതിഷേധ കൂട്ടായ്മ കെപിസിസി ജനറല്‍ സെക്രട്ടറി വി.എ. നാരായണനും ഉദ്ഘാടനം ചെയ്തു.
മലപ്പുറത്ത്് കെപിസിസി സെക്രട്ടറി വി. ബാബുരാജും ഗുരുവായൂര്‍ മഞ്ജുളാല്‍ പരിസരത്ത് നടന്ന സമരം മുന്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്മാന് ടി.വി. ചന്ദ്രമോഹനനും കോഴിക്കോട് സിവില്‍ സ്റ്റേഷന് മുന്നിലെ സമരം കെപിസിസി ജനറല്‍ സെക്രട്ടി അഡ്വ.കെ. പ്രവീണ്‍ കുമാറും ഉദ്ഘാടനം ചെയ്തു.