കെ.ഷിന്റുലാല്‍
കോഴിക്കോട് : വിദേശത്തുനിന്ന് സംസ്ഥാനത്തേക്ക് സ്വര്‍ണം കടത്തുന്നതിന് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കുന്നുണ്ടെന്ന് മൊഴി. തെലങ്കാന പോലീസ് അറസ്റ്റ് ചെയ്ത തൊടുപുഴ സ്വദേശിയായ മുഹമ്മദ് റസലാണ് നിര്‍ണായക മൊഴി നല്‍കിയത്. സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങള്‍ വഴി കടത്തുന്ന സ്വര്‍ണം പുറത്തെത്തിക്കുന്നത് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശാനുസരണമാണ്.
വിദേശത്തുനിന്ന് സ്വര്‍ണം അയയ്ക്കുന്നതിന് മുമ്പേ തന്നെ കാരിയറെ കുറിച്ചും മറ്റുമുള്ള വിവരങ്ങള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കും. ഇവരുടെ നിര്‍ദേശാനുസരണമാണ് സ്വര്‍ണം കടത്തുന്നത്.
വിമാനത്താവളത്തില്‍ എത്തിയാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ചും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കാറുണ്ടെന്നും കടത്തുന്ന സ്വര്‍ണത്തിന്റെ വിഹിതം കൃത്യമായി ഇവര്‍ക്ക് നല്‍കാറുണ്ടെന്നും മുഹമ്മദ് റസല്‍ മൊഴി നല്കി.
സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസില്‍ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്നതിനിടെയാണ് തെലങ്കാന പോലീസിന് നിര്‍ണായക വിവരങ്ങള്‍ റസല്‍ കൈമാറിയതെന്നാണ് വിവരം.
തിരുവനന്തപുരം, നെടുമ്പാശേരി, കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്തിനെ കുറിച്ചുള്ള വിവരങ്ങളും റസല്‍ മൊഴി നല്‍കിയിട്ടുണ്ട്.
സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസ് അന്വേഷിക്കുന്ന സിബ്രാഞ്ചുമായി തെലങ്കാന പോലീസ് ഇക്കാര്യം പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ കസ്റ്റംസിനെതിരേയുള്ള മൊഴിയായതിനാല്‍ സിബ്രാഞ്ചിന് കൂടുതല്‍ അന്വേഷിക്കുന്നതിന് സാങ്കേതിക തടസങ്ങളുണ്ട്.
നയതന്ത്ര കേസിലെ പ്രതിയുടെ വിശ്വസ്തന്
നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസിലെ മുഖ്യപ്രതി കെ.ടി.റമീസിന്റെ സുഹൃത്താണ് മുഹമ്മദ് റസലെന്നാണ് പോലീസ് പറയുന്നത്. റമീസിനെ അറിയാമെന്ന് റസല്‍ സമ്മതിച്ചിരുന്നു. നയതന്ത്ര കേസ് അന്വേഷിക്കുന്ന കസ്റ്റംസിനും ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
തെലങ്കാന പോലീസുമായി ബന്ധപ്പെട്ട് റസലിന്റെ മൊഴി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് കസ്റ്റംസ് തീരുമാനിച്ചത്. നയതന്ത്ര പാഴ്സല്‍വഴി സ്വര്‍ണക്കടത്തുകള്‍ ഏകോപിപ്പിച്ചത് കെ.ടി.റമീസായിരുന്നു.
ദുബായില്‍ നിന്ന് നയതന്ത്ര പാഴ്സലുകളില്‍ സ്വര്‍ണം അയയ്ക്കുന്നതു മുതല്‍ സ്വര്‍ണക്കടത്തുകാരെ സുരക്ഷിതമായി ഏല്‍പ്പിക്കുന്നത് വരെ ഏകോപിപ്പിച്ചത് റമീസായിരുന്നു. റസലിന് ഇതില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്നാണ് കസ്റ്റംസ് പരിശോധിക്കുക.
പേരുകളില്‍ ആരെല്ലാം ?
മുഹമ്മദ് റസല്‍ പോലീസ് മുമ്പാകെ നല്കിയ മൊഴിയില്‍ ഏതെല്ലാം കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പേരുകളാണുള്ളതെന്നത് ഇപ്പോഴും രഹസ്യമാണ്. സിബ്രാഞ്ചുള്പ്പെടെയുള്ള അന്വേഷണസംഘത്തിന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും കേന്ദ്ര ഏജന്‍സിക്കെതിരേയുള്ള മൊഴിയായതിനാല്‍ പുറത്തുവിട്ടിട്ടില്ല.
ദേശീയ അന്വേഷണ ഏജന്‍സിക്കും ഐബിയ്ക്കും വിവരങ്ങള്‍ കൈമാറാനാണ് തെലങ്കാന പോലീസ് തീരുമാനിച്ചത്. സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്ക് കസ്റ്റംസിന്റെ സഹായം ലഭിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.
2019ല്‍ കണ്ണൂര്‍ വിമാനത്താവളം വഴി 11 കിലോ ഗ്രാം സ്വര്‍ണം കടത്താന്‍ സഹായിച്ചതിന് നാലുപേരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.
സമാന്തര എക്സ്ചേഞ്ച് കേസിലും പങ്ക്
കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസിലും മുഹമ്മദ് റസലിന് നിര്‍ണായക പങ്കുണ്ടെന്നാണ് സിബ്രാഞ്ചിന്റെ കണ്ടെത്തല്‍. എക്സ്ചേഞ്ചുകളിലേക്ക് ആവശ്യമായ സിംകാര്‍ഡുകള്‍ എത്തിച്ച് നല്‍കിയത് റസലായിരുന്നു.
ദക്ഷിണേന്ത്യയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇത്തരം സമാന്തര എക്സ്ചേഞ്ചുകളില്‍ പലതിനും റസലിന്റെ സഹായം ലഭിച്ചിട്ടുണ്ട്. എകസ്ചേഞ്ചുകളില്‍ സ്വര്‍ണക്കടത്ത് ഹവാല സംഘങ്ങള്‍ നിക്ഷേപിച്ചിരുന്നതായി പോലീസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു.
റസലിന്റെ മൊഴികളും ഇത് സാധൂകരിക്കുന്നതാണ്. അടുത്ത ദിവസം റസലിനെ കസ്റ്റഡിയില്‍ വാങ്ങാനാണ് സിബ്രാഞ്ച് തീരുമാനിച്ചത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ കൊച്ചിയിലും സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പിടികൂടിയിരുന്നു. ഈ കേസിലും റസലിന് പങ്കുണ്ടെന്നാണ് പറയുന്നത്.