ജോണ്സണ് വേങ്ങത്തടം
കൊച്ചി: കോടതിയിൽനിന്ന് അനുകൂല നിലപാടുണ്ടായതോടെ തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്രചാനല്‍ വഴി നടന്ന സ്വര്‍ണക്കടത്ത് കേസ് വീണ്ടും ശക്തമായി അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ തയാറെടുക്കുന്നു.
വിദേശത്തേക്ക് പണം കടത്താന്‍ മുഖ്യമന്ത്രി യുഎഇ കോണ്‍സുലേറ്റിനെ ഉപയോഗിച്ചെന്ന് സരിത്ത് കസ്റ്റംസിന് നൽകിയ മൊഴിയാണ് നിര്‍ണായകമാകുന്നത്.
ഡോളര്‍ കടത്തുകേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്‍പായി പ്രതികള്‍ക്ക് കസ്റ്റംസ് നല്കിയ കാരണം കാണിക്കല്‍ നോട്ടീസിലാണ് കണ്ടെത്തലുകള്‍ ഒന്നൊന്നായി വിവരിച്ചിരുന്നത്.
അന്വേഷണം വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസു കേന്ദ്രീകരിച്ചു നടത്താനാണ് കസ്റ്റംസിന്റെ നീക്കം. ഇതോടെ വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസും സെക്രട്ടറിയേറ്റും കേന്ദ്ര ഏജന്‍സികള്‍ അന്വേഷണ പരിധിയിലാക്കും.
ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചു കേന്ദ്ര ഏജന്‍സികളെ നിശബ്ദമാക്കാനുള്ള നീക്കം ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞതോടെയാണ് ഇഡിയും കസ്റ്റംസും എന്‍ഐഎയും ശക്തമായി വീണ്ടും കളത്തിലിറങ്ങുന്നത്.
കസ്റ്റംസിന് സ്വപ്ന സുരേഷും സരിത്തും നല്കിയ ഡോളര്‍ കടത്ത് മൊഴി പുറത്തു വന്നതിന് തൊട്ടു പിന്നാലെയാണ് ഇഡിയുടെ പുതിയ നീക്കം.
ഇതിനിടയില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) രജിസ്റ്റര്‍ ചെയ്ത കേസില്‍ പൂജപ്പുര ജയിലിലുള്ള പ്രതികളെ മൂന്നുദിവസം ചോദ്യംചെയ്യാന്‍ കോടതി അനുമതി നല്കി. ജലാല്‍, മുഹമ്മദ് ഷാഫി, റബിന്‍സ് എന്നിവരെയാണ് ചോദ്യംചെയ്യുന്നത്.