ചെറായി: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ ഭീഷണിപ്പെടുത്തി സ്വകാര്യചിത്രങ്ങൾ കൈവശപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ചാവക്കാട് എടക്കേരിമില്ലേട് കല്ലൂരില്‍ അലിവീട്ടില്‍ ആഷിക്കി(19)നെ മുനമ്പം പോലീസ് ആണ് അറസ്റ്റ്ചെയ്തത്.
പോലീസ് പറയുന്നത്: ചാവക്കാട് കമ്പവല വലിക്കുന്ന തൊഴിലാളിയാണ് ഈ യുവാവ്. പകല്‍ കമ്പവലിക്കിടെ പെണ്‍കുട്ടികള്‍ക്കായി വലയൊരുക്കി സോഷ്യല്‍ മീഡിയയില്‍ ചാറ്റിംഗാണ് പതിവ്.
പള്ളിപ്പുറം പഞ്ചായത്ത് നിവാസിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഓണ്‍ലൈന്‍ പഠനത്തിനായി വീട്ടുകാര്‍ വാങ്ങി നല്കിയ ഫോണിലൂടെ സമൂഹമാധ്യമങ്ങളിലെ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാറുണ്ടായിരുന്നു. ആറുമാസം മുമ്പാണത്രേ ഈ യുവാവിനെ പരിചയപ്പെട്ടത്.
രാവിലെ മുതല്‍ വൈകുന്നേരം അഞ്ചു വരെയുള്ള പഠന സമയങ്ങളിലായിരുന്നു ഇവരുടെ ചാറ്റിംഗ്.പഠിക്കുകയാണെന്ന് ധരിച്ചിരുന്ന വീട്ടുകാര്‍ ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ലത്രേ. ഇടക്ക് യുവാവിന്റെ ഫോണ്‍ തകരാറിലായപ്പോള്‍ മാതാവിന്റെ ഫോണിലായിരുന്നത്രേ ഇരുവരുടേയും ചാറ്റിംഗ്.
സൗഹൃദം വളര്ന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് യുവാവ് ഒരുദിവസം നഗ്ന ചിത്രങ്ങൾ എടുത്ത് അയക്കണമെന്ന് ആവശ്യപ്പെട്ടത്. പെണ്‍കുട്ടി വിസമ്മതിച്ചതോടെ ദേഷ്യമായി.ഫോട്ടോ അയച്ചില്ലെങ്കില്‍ താന്‍ മരിക്കുമെന്ന് പറഞ്ഞ് യുവാവ് സ്വന്തം കൈത്തണ്ട മുറിച്ച് രക്തം വാര്‍ന്നൊഴുകുന്ന രീതിയിലുള്ള ഫോട്ടോ പെണ്‍കുട്ടിക്ക് അയച്ചു കൊടുത്തു.
ഫോട്ടോ വ്യാജമാണെന്നറിയാതെ പെണ്‍കുട്ടിയും സമ്മര്‍ദ്ദത്തിലായി. ഫോട്ടോയ്ക്കായി യുവാവ് പെണ്‍കുട്ടിയെ തേടി പള്ളിപ്പുറത്തും എത്തിയിരുന്നു. സംഭവത്തിനുശേഷം മാനസികമായി പ്രശ്നത്തിലായ പെണ്‍കുട്ടി വീട്ടുകാരോട് കാര്യങ്ങള്‍ പറഞ്ഞതിനെ തുടര്‍ന്നാണ് മുനമ്പം പോലീസില്‍ പരാതി നല്‍കിയത്.
പോക്സോ വകുപ്പ് പ്രകാരം കേസെടുത്തശേഷം ചാവക്കാടുനിന്നും മുനമ്പം സിഐ എ.എല്‍. യേശുദാസ്, എസ്ഐ കെ.കെ. ശ്യാംകുമാര്‍ എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.