പത്തനംതിട്ട: ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി രണ്ടുദിവസമായി ഒരു കഥയുടെ ക്ലൈമാസ് തേടിയുള്ള യാത്രയിലാണ്. ഏറെക്കുറെ ക്ലൈമാക്സ് ഉറപ്പിച്ച് മുന്നോട്ടു പോകുമ്പോഴാണ കഥയ്ക്കു ട്വിസ്റ്റ് മാറ്റിയെഴുതിയത്. പിന്നാലെ തീരുമാനം ശാസ്ത്രീയ അന്വേഷണത്തിനു വിട്ടു.
പ്രസവിച്ച് ഏതാനും ദിവസമായ പിഞ്ചുകുഞ്ഞുമായി മല്ലപ്പള്ളി പെരുമ്പെട്ടി സ്വദേശിയായ 24 കാരന് കഴിഞ്ഞദിവസം സ്വന്തം വീട്ടിലെത്തിയതോടെയാണ് കഥകള്‍ പുറംലോകത്തു ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. യുവാവിന്റെ മാതാവും സഹോദരിയുമുള്ള വീട്ടില്‍ സ്വകാര്യബസ് ഡ്രൈവറായ യുവാവ് കുഞ്ഞുമായി എത്തി മൂന്നുദിവസം താമസിച്ചു.
ഇതിനിടെ മുലപ്പാല്‍ കിട്ടാതായതോടെ പിഞ്ചുകുഞ്ഞ് അവശനിലയിലായി. ഒടുവില്‍ കുഞ്ഞുമായി യുവാവ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലെത്തി.
അവിടെ ഏതാനും ദിവസം മുമ്പ് സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞാണിതെന്നു മനസിലായതോടെ ആശുപത്രി അധികൃതര്‍ അടിയന്തര ചികിത്സ നല്കി.
ഇതിനിടെ സംഭവം യുവാവിന്റെ വീട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ അറിയിച്ചു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ആശുപത്രിയുമായി ബന്ധപ്പെട്ടു.
അന്വേഷണം
ആശുപത്രിയില്‍ നിന്നു ലഭിച്ച വിവരമനുസരിച്ച് റാന്നി സ്വദേശിനിയായ 36കാരിക്ക് ഉണ്ടായ കുഞ്ഞുമായാണ് യുവാവ് ആശുപത്രിയിലെത്തിയതെന്നു വ്യക്തമായി. ഇതിനിടെ പോലീസ് അന്വേഷണമായി.
കുഞ്ഞിന്റെ നില മെച്ചപ്പെട്ടതോടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ട് ഓമല്ലൂരിലെ തണല്‍ അഭയകേന്ദ്രത്തിലേക്കു മാറ്റി. ഇതിനിടെ മാതാപിതാക്കളെ തേടിയുള്ള അന്വേഷണമായി. അന്വേഷണം ചെന്നെത്തിയത് റാന്നി സ്വദേശിനിയിലേക്കാണ്.
തന്റെ കുഞ്ഞാണെങ്കിലും വീട്ടില്‍ കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ യുവാവിനെ ഏല്പിച്ചതാണെന്നായി. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. പെരുമ്പെട്ടി സ്വദേശിയുമായ യുവാവുമായി ഇഷ്ടത്തിലായിരുന്നെന്നും പറയുന്നു.
ആശുപത്രിയില്‍ പ്രസവശുശ്രൂഷയില്‍ ഈ യുവാവാണ് കൂടെ ഉണ്ടായിരുന്നത്. ആശുപത്രി രേഖകളില്‍ ഇവയെല്ലാം വ്യക്തമാണ്. കഴിഞ്ഞ 31നാണ ്ഇവര്‍ ആശുപത്രി വിട്ടത്.
കുഞ്ഞിനെ ഏറ്റെടുക്കുമെന്ന്
സിസേറിയന് കഴിഞ്ഞ് പുറത്തിറങ്ങിയശേഷം യുവതി സ്വന്തം വീട്ടിലേക്കു പോയപ്പോള്‍ കുഞ്ഞിനെ യുവാവ് കൊണ്ടുപോകുകയായിരുന്നു. ഇരുവര്‍ക്കുമെതിരെ കേസെടുക്കാന്‍ പോലീസ് തീരുമാനിച്ചിരിക്കവേയാണ് യുവതി കുഞ്ഞിനെ ഏറ്റെടുക്കാന്‍ സന്നദ്ധയായത്.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലാണ് ഇപ്പോള്‍ കുട്ടി. ഇക്കാരണം കൊണ്ടുതന്നെ തിരികെ നല്കണമെങ്കില് ഡിഎന്‍എ പരിശോധന ആവശ്യമായി വരും. ഡിഎന്‍എ പരിശോധനയ്ക്കുശേഷം മാപ്പെഴുതി നല്കി കുട്ടിയെ ഏറ്റെടുക്കാമെന്ന് പറയുന്നു.
ഡിഎന്‍എ പരിശോധനയ്ക്കുള്ള നടപടികളിലേക്ക് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കടന്നിരിക്കുകയാണ്.ഫേസ്ബുക്കിലൂടെയാണ് പെരുമ്പെട്ടി സ്വദേശിയുമായി യുവതി അടുപ്പത്തിലായതെന്നു പറയുന്നു.
നവജാത ശിശുവിനെ ഏതായാലും ഉപേക്ഷിക്കാതെ ഇരുവരും സംരക്ഷണം നല്കിയല്ലോയെന്ന ആശ്വാസത്തിലാണ് ഇപ്പോള്‍ ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും പോലീസും.