മംഗലംഡാം: ജില്ലയിലെ ഓപ്പണ്‍ ടൂറിസം കേന്ദ്രങ്ങൾ തുറക്കാമെന്ന കളക്ടറുടെ ഉത്തരവിൽ തിങ്കളാഴ്ച മുതൽ മംഗലംഡാം ഉദ്യാനം തുറക്കുന്പോൾ സന്ദർശകരെ കാത്തിരിക്കുന്നത് പൊന്തക്കാടുകളും അവഗണനയുടെ നിശബ്ദതയും മാത്രം.
ഒന്‍പതുമാസം മുന്‍പ് വിനോദ സഞ്ചാരികൾക്കായി മുഖ്യമന്ത്രി ഓണ്‍ലൈൻ വഴി ഉദ്ഘാടനം ചെയ്ത കുട്ടികളുടെ പാർക്ക് ഉൾപ്പെടെയുള്ള അഡ്വവഞ്ചർ പാർക്ക് തുറന്നുകൊടുക്കുന്നതിൽ ഇനിയും അവ്യക്തത തുടരുകയാണ്.
പ്രവേശന ഫീസ് മുടക്കി അകത്തുകടക്കുന്നവർക്ക് എന്തെങ്കിലുമൊക്കെ പുതുമ തോന്നിക്കുന്നതാണ് പൂട്ടിക്കിടക്കുന്ന ഇവിടുത്തെ അഡ്വവഞ്ചർ പാർക്ക്.
എന്നാൽ അതു തുറക്കാൻ തീരുമാനമാകുന്നില്ല. കയറുന്ന ഭാഗങ്ങളിൽ മുള്ളുകൾ തടസം വച്ചും റിബണ്‍ കെട്ടിയും തടഞ്ഞിരിക്കുകയാണ്. മരങ്ങൾ തമ്മിൽ ബന്ധിപ്പിച്ചുള്ള റോപ്പ് വേ, ബാലൻ സിംഗ് ബ്രിഡ്ജ് തുടങ്ങിയവയാണ് സ്ഥാപിച്ചിട്ടുള്ളത്.
ഉദ്ഘാടനം കഴിഞ്ഞ് ഒന്‍പതര മാസം പിന്നിടുന്പോഴും ഉദ്യാനം തുറക്കുന്നതിനൊപ്പം എന്തുകൊണ്ട് ഇത്രയും കോടികൾ ചെലവഴിച്ച പാർക്കുകൾ കൂടി തുറക്കുന്നില്ല എന്നതിന് ഉത്തരമില്ല.
കുട്ടികളുടെ പാർക്കിൽ കുട്ടികൾക്ക് ഇരിക്കാനുള്ള ചെറിയ സിമന്റ് ബഞ്ച് പോലും ഉപയോഗിക്കും മുന്‍പേ തകർന്നു. ഇപ്പോൾ തട്ടും മുട്ടും കൊടുത്താണ് കഷ്ടി ഒന്നരയടി ഉയരമുള്ള ബഞ്ച് പോലും സ്ഥാപിച്ചിട്ടുള്ളത്.
ഡിസൈനിംഗിലും നിർമാണത്തിലും വന്ന അപാകത മൂലം പ്രവേശന കവാടത്തിന്റെ മേൽക്കൂരയും പല തവണ പൊളിച്ചു പണിതാണ് ഇപ്പോൾ ഇരുന്പുകന്പികളുടെ ബലത്തിൽ താങ്ങി നിർത്തിയിട്ടുള്ളത്.
പ്രവേശന കവാടത്തിലെ കലപ്പയേന്തിയ കർഷകനെ മാറ്റി കൈക്കോട്ട് താഴെ വച്ച കർഷകന്റെ പ്രതിമയാക്കി കർഷകനെ അപമാനിക്കുന്ന വിധമാക്കി.
കോടികൾ ചെലവഴിച്ചതിന്റെ നവീകരണ പ്രവൃത്തികളൊന്നും ഡാമിൽ കാണാത്തതും വലിയ അഴിമതി ആരോപണങ്ങളാണ് ഉയർത്തുന്നത്.
ഇടക്കിടെ കുറെ കോടികൾ ചെലവഴിക്കുന്നതല്ലാതെ ചെയ്ത പ്രവൃത്തികൾ യഥാസമയം അറ്റകുറ്റപണികൾ നടത്തി സംരക്ഷിക്കാൻ സംവിധാനമില്ലാത്തതിനാൽ കോടികൾ പാഴാകുന്ന സ്ഥിതിയുണ്ടാകുമെന്നാണ് വിലയിരുത്തൽ.
നിർമാണോദ്ഘാടനവും പൂർത്തികരണോദ്ഘാടനവും മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും ഇതിന്റെയൊന്നും വികസന വെളിച്ചം മംഗലം ഡാമിൽ കാണുന്നില്ലെന്നാണ് ഡാം നിവാസികളും പറയുന്നത്.
ഒന്പതുവർഷം മുന്‍പ് 4.62 കോടി രൂപ ചെലവഴിച്ച് നടത്തിയ ഉദ്യാന നവീകരണ പ്രവൃത്തികൾ മതിയായ സംരക്ഷണമില്ലാതെ പൊട്ടിപൊളിഞ്ഞപ്പോഴാണ് വീണ്ടും കോടികൾ ചെലവഴിച്ചത്.
മംഗലം ഡാമിന്റെ പ്രകൃതി സൗന്ദര്യം പ്രയോജനപ്പെടുത്തിയുള്ള ടൂറിസം പദ്ധതികൾ വരുന്നില്ലെന്നതാണ് ഇവിടെയെത്തുന്നവർക്കെല്ലാം പങ്കുവയ്ക്കാനുള്ളത്.
മലന്പുഴയെ വെല്ലുന്ന മനോഹാരിത മംഗലം ഡാമിനുണ്ടെങ്കിലും എല്ലാം അവഗണിക്കുകയാണ്. റിസർവോയറിൽ ഇവിടുത്തെ തന്നെ മത്സ്യതൊഴിലാളികളുടെ സഹകരണത്തോടെ ചങ്ങാട സവാരി ആരംഭിച്ചാൽ തന്നെ നിരവധി പേരെത്തും.
ബോട്ടുയാത്രയ്ക്കു പറ്റിയ തുരുത്തുകളും റിസർവോയറിലുണ്ട്.മംഗലംഡാം ഉദ്യാനത്തിന്റെ പകുതി പോലുമില്ലാത്ത പോത്തുണ്ടി ഡാമിൽ കുറഞ്ഞ ചെലവിൽ ഒട്ടേറെ സഞ്ചാരികളെ ആകർഷിക്കുന്ന പദ്ധതികൾ വരുന്പോൾ മംഗലംഡാമിൽ കാൽ നൂറ്റാണ്ടായി നടക്കുന്നത് വികസന പ്രഹസനം മാത്രമാണെന്നാണ് ആക്ഷേപം.