കിടങ്ങൂർ: പോലീസും എക്സൈസും പരിശോധന ശക്തമാക്കുന്പോഴും ജില്ലയിലേക്കു കഞ്ചാവിന്റെ ഒഴുക്കിനു കുറവില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നും കാരിയേഴ്സ് വഴി ദിനം പ്രതി കിലോക്കണക്കിന് കഞ്ചാവാണ് പലയിടങ്ങളിലെത്തുന്നത്.
ഇന്നലെ രണ്ടു കിലോഗ്രാം കഞ്ചാവുമായി മൂന്നു യുവാക്കളെയാണ് കിടങ്ങൂർ പോലീസ് പിടികൂടിയത്. പോലീസിനെ കണ്ട് രണ്ടു പേർ ഓടി രക്ഷപ്പെട്ടു.
കിടങ്ങൂർ എൻജിനിയറിംഗ് കോളജ് ഭാഗത്ത് തട്ടേകാട്ടിൽ ശ്രീജിത് ബെന്നി (23), ചേർപ്പുങ്കൽ കവലയിൽ കളരിയ്ക്കൽ അമൽ (23), അതുൽ (22) എന്നിവരാണു പിടിയിലായത്.
ഇവരോടൊപ്പമുണ്ടായിരുന്ന പടിഞ്ഞാറ്റിൽകര, ഏറ്റുമാനൂർ സ്വദേശിയായ രണ്ടു യുവാക്കളാണ് ഓടി രക്ഷപ്പെട്ടത്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഓണം ലക്ഷ്യമാക്കി കിടങ്ങൂരിലും പരിസരങ്ങളിലും വിൽപ്പനയ്ക്കായി എത്തിച്ചവയാണിതെന്നു പോലീസ് പറഞ്ഞു.രാത്രി പട്രോളിംഗിനിടെ സംശയം തോന്നി ചോദ്യം ചെയ്തതോടെയാണ് ഇവർ പിടിയിലായത്.
കിടങ്ങൂർ എസ്എച്ച്ഒ ബിജുവിന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച ചെറുകഞ്ചാവ് പായ്ക്കറ്റുകളും ബാഗിലാക്കി ചേർപ്പുങ്കൽ ഭാഗത്തുള്ള ലോഡ്ജ് മുറിയിൽ ഷോൾഡർ ബാഗിൽ സൂക്ഷിച്ച ബാക്കി കഞ്ചാവും കണ്ടെത്തുകയായിരുന്നു.