ചങ്ങനാശേരി: പോലീസിന്റെ കണ്ണിനു മുന്നിൽ നടന്ന നഗരത്തിലെ രണ്ട് ജ്വല്ലറികളിലെ മോഷണ സംഭവത്തിൽ പ്രതികൾക്കായി ഉൗർജിത അന്വേഷണം. കഴിഞ്ഞ ദിവസം ചങ്ങനാശേരി പോലീസ് സ്റ്റേഷനു മീറ്ററുകൾ മാത്രം ദൂരമുള്ള രണ്ടു ജ്വലറികളിലെ മോഷണ സംഭവമാണ് പോലീസിനു തലവേദനയായി മാറിയത്.
മാർക്കറ്റ് റോഡിലെ ആലുക്കൽ ജ്വല്ലറിയിലും ഐശ്വര്യ ജ്വല്ലറിയിലുമാണ് മോഷണം. രണ്ടു കിലോ വെള്ളി ആഭരണങ്ങൾ മോഷണം പോയി. തെളിവുകൾ നശിപ്പിക്കുന്നതിനായി സമീപത്തെ ധനകാര്യ സ്ഥാപനത്തിലെ സിസിടിവി ക്യാമറയും മോഷ്ടാവ് തകരാറിലാക്കിയിരുന്നു.
വ്യാഴാഴ്ച രാത്രി 1.30നു ശേഷമാണ് മോഷണം നടന്നിരിക്കുന്നത്. ഇന്നലെ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലം പരിശോധിച്ചു പരിശോധന നടത്തി. ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ സംഭവ സ്ഥലത്തെത്തി.ഇന്നലെ കട തുറക്കാൻ എത്തിയ ജീവനക്കാരാണ് മോഷണ വിവരം അറിഞ്ഞത്.
ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തു കയറിയാണ് മോഷണം നടത്തിയത്. ഇരു കടകളിലും ഡിസ്പ്ലേ ചെയ്ത വെള്ളി ആഭരണങ്ങളാണ് നഷ്ടമായത്. ആലുക്കൽ ജ്വല്ലറിയിൽനിന്ന് 85,000 രൂപ വിലവരുന്ന രണ്ടു കിലോ വെള്ളി ആഭരണങ്ങളും എതിർ വശത്തെ ഐശ്വര്യ ജ്വല്ലറിയിൽ നിന്ന് 12,000 രൂപ വിലവരുന്ന 200 ഗ്രാം വെള്ളി ആഭരണങ്ങളുമാണ് അപഹരിച്ചത്.
ജ്വല്ലറികളുടെ താഴുകളും ഇവ തകർക്കാൻ ഉപയോഗിച്ച കന്പിപ്പാരയും ലിവറും സമീപത്തുതന്നെയുള്ള കാടുപിടിച്ച പ്രദേശത്തുനിന്നും കണ്ടെത്തി. ഒപ്പം ഭക്ഷണ അവശിഷ്ടങ്ങളുമുണ്ടായിരുന്നു.കോട്ടയത്തു നിന്നെത്തിയ പോലീസ് ഡോഗ് സ്ക്വാഡ് സ്ഥലങ്ങൾ സന്ദർശിച്ചു.
അസീസി റോഡ് വഴി എസ്ബി കോളജ് ജംഗ്ഷനിലെത്തി കാക്കാന്തോട് ഭാഗത്തേക്ക് നായ ഓടിയതായി പോലീസ് പറഞ്ഞു.സമീപ കടകളിലെ സിസി ടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. മോഷ്ടാവിന്റേതെന്നു സംശയിക്കുന്ന ആളിന്റെ ദൃശ്യം സിസി ടിവി ക്യാമറയിൽ നിന്നും ലഭിച്ചിട്ടുണ്ട്.
എന്നാൽ മാർക്കറ്റ് റോഡിലേക്കുള്ള ഭാഗത്ത് വെളിച്ചം ഇല്ലാത്തതിനാൽ ദൃശ്യങ്ങൾ വ്യക്തമല്ല. രാത്രി 1.32നാണ് മോഷണം നടന്ന കടയുടെ സമീപത്തുള്ള ധനകാര്യ സ്ഥാപനത്തിലെ സിസിടിവി ക്യാമറ തകർത്തത്. ഇതിനു ശേഷമാണ് മോഷണം നടത്തിയതെന്നു സംശയിക്കുന്നു.ഡിവൈഎസ്പി ശ്രീകുമാറിന്റെ നേതൃത്വത്തിൽ 20 അംഗ സ്ക്വാഡ് ആണ് അന്വേഷണം നടത്തുന്നത്.