പടിഞ്ഞാറത്തറ: ഡാമിൽ കുളിക്കുന്നതിനിടെ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി.
പത്താം മൈൽ ബൈബിൾ ലാൻഡ് പാറയിൽ പൈലി-സുമ ദന്പതികളുടെ മകൻ ഡെനിൻ ജോസിന്റെ (17) മൃതദേഹമാണ് കണ്ടെത്തിയത്.
തരിയോട് പത്താം മൈലിൽ ബാണാസുര സാഗർ അണക്കെട്ടിന് സമീപം കുളിക്കുന്നതിനിടെ ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു ഡെനിനെ കാണാതായത്.
പിണങ്ങോട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്.
ഇന്ന് രാവിലെ ഫയർ ഫോഴ്സിനൊപ്പം തെരച്ചിലിനിറങ്ങിയ തുർക്കി ജീവൻരക്ഷാ സമിതിയാണ് മൃതദേഹം കണ്ടെത്തിയത്.
തെരച്ചിലിന് പിണങ്ങോട് ബ്രേവ് എമർജൻസി ടീമും പോലീസും ഒപ്പമുണ്ടായിരുന്നു.
കൽപ്പറ്റയിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘവും നാട്ടുകാരും ഇന്നലെ ഏറെ നേരം തെരച്ചിൽ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥയും വെളിച്ചക്കുറവും മൂലം രാത്രിയോടെ തെരച്ചിൽ അവസാനിപ്പിച്ചിരുന്നു.
ഡാമിനും പരിസരത്തും നല്ല രീതിയിൽ മഴ പെയ്യുന്നതും തണുപ്പും രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായി.