നെടുമ്പാശേരി: അത്താണിയിലെ പുതുശേരി ബേക്കറിയിൽനിന്നു ഷവർമ കഴിച്ച എട്ടു പേരെ ഭക്ഷ്യവിഷ ബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ പോലീസ് ബേക്കറി പൂട്ടി ഉടമ ആന്റണിയെ (53) അറസ്റ്റു ചെയ്തു. ഷവർമയോടൊപ്പം കഴിച്ച മയോണൈസിൽനിന്നാണ് ഭക്ഷ്യവിഷ ബാധയേറ്റത്.
ഫ്രിഡ്ജിൽ സൂക്ഷിക്കാതിരുന്നതിനെ തുടർന്നുണ്ടായ അണുബാധയാണ് വിഷബാധയ്ക്കിടയാക്കിയതെന്നു ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരിശോധനയ്ക്കുശേഷം പറഞ്ഞു.
ബേക്കറിയിൽനിന്നു വെള്ളിയാഴ്ച രാത്രി ഷവർമ കഴിച്ചവർക്ക് ഇന്നലെ രാവിലെ വയറിളക്കവും അസ്വസ്ഥതയും അനുഭവപ്പെടുകയായിരുന്നു.
ചെങ്ങമനാട് ഇളയിടത്ത് ഗോകുൽ സോമൻ (23), പുതിയേടൻ റെനൂബ് രവി (21), വാടകപ്പുറത്ത് ജിഷ്ണു വേണു (25), ചെട്ടിക്കാട് ശ്രീരാജ് സുരേഷ് (24), പാലപ്രശേരി ആട്ടാംപറമ്പിൽ അമൽ കെ. അനിൽ (23) എന്നിവരെ ചെങ്ങമനാട് സർക്കാർ ആശുപത്രിയിലും കുന്നുകര മനായിക്കുടത്ത് സുധീർ സലാം (35), മക്കളായ ഹൈദർ (7), ഹൈറ (5) എന്നിവരെ ദേശം സിഎ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ആരുടെയും നില ഗുരുതരമല്ല. ജില്ലാ കളക്ടർക്കു ലഭിച്ച പരാതിയെ തുടർന്നാണ് പോലീസെത്തി നടപടി സ്വീകരിച്ചത്.