കോൽക്കത്ത: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരർ ഭരണത്തിലെത്തുന്നത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഭീകരപ്രവർത്തനം ശക്തിപ്പെടുന്നതിനു കാരണമായേക്കുമെന്നു നിരീക്ഷണം.
കഴിഞ്ഞ ജൂലൈയിൽ കോൽക്കത്ത പോലീസ് മൂന്ന് ബംഗ്ലാദേശി ഭീകരരെ അറസ്റ്റ്ചെയ്തതുപോലും വരാനിരിക്കുന്ന വിപത്തിന്റെ സൂചനയായാണു വിലയിരുത്തപ്പെടുന്നത്.
ബംഗ്ലാദേശിലെ ജമായത് അൽ മുജാഹിദ്ദിന്‍ (ജെഎംബി) അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭീകരരുമായുള്ള ബന്ധം പരസ്യമാണ്.
അഫ്ഗാൻ യുദ്ധത്തിൽ പങ്കെടുത്തവർ ചേർന്നാണു രണ്ടര പതിറ്റാണ്ടുമുന്‍പ് ജെഎംബിക്കു രൂപം നൽകുന്നത്.
മധ്യകാല യുഗത്തിലേക്ക് ഇന്ത്യൻ ഉപഭൂഖണ്ഡത്തെ തിരിച്ചുകൊണ്ടുപോകുക എന്നതാണ് പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നായി ജെഎംബി പ്രചരിപ്പിക്കുന്നത്.
ഈ സാഹചര്യത്തിൽ ഇന്ത്യക്കു മുന്നിലുള്ളത് ശക്തമായ വെല്ലുവിളിയാണെന്ന് മുൻ ഐപിഎസ് ഓഫീസറും പ്രതിരോധ വിദഗ്ധനുമായ ശന്തനു മുഖർജി നിരീക്ഷിക്കുന്നു.
അഫ്ഗാൻ ഭരണകൂടത്തിന്റെ പതനം മേഖലയിലും പ്രതിഫലിക്കാമെന്ന് ഇന്ത്യയിലെ മുൻ ബംഗ്ലാദേശ് ഹൈക്കമ്മീഷണറായിരുന്ന താരിഖ് കരിം പറഞ്ഞു.
എന്തായാലും അയൽരാജ്യത്തെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ആസാമിലെയും ത്രിപുരയിലെയും അതിർത്തിയിൽ ബിഎസ്എഫിന്റെ നേതൃത്വത്തിൽ സുരക്ഷശക്തിപ്പെടുത്തി.
താലിബാന്റെ നേട്ടം ബംഗ്ലാദേശിൽ തീവ്രവാദശക്തികൾ മാത്രമല്ല റോഹിങ്ക്യൻ അഭയാർഥികളും ഉപയോഗപ്പെടുത്തുമെന്ന ആശങ്കയും ഉയരുന്നുണ്ട്.