വാടാനപ്പിള്ളി: പഞ്ചായത്തിന്റെ കീഴിലുള്ള തൃത്തല്ലൂർ രാമു കാര്യാട്ട് ലൈബ്രറി കെട്ടിടത്തിലെ അടച്ചിട്ടിരുന്ന പൊതുശൗചാലയത്തിൽ നിന്നു 60 കുപ്പി വിദേശമദ്യം വാടാനപ്പള്ളി എക്സൈസ് പിടിച്ചെടുത്തു.സൂക്ഷിച്ചിരുന്ന തൃത്തല്ലൂർ പുള്ള് വളവ് സ്വദേശി എരണേഴത്ത് വീട്ടിൽ ഷൈജൻ (ഷാജി -55 ) എന്നയാളെ അറസ്റ്റു ചെയ്തു.
സമീപമുള്ള കെട്ടിടത്തിൽ സൈക്കിൾ കട നടത്തുന്ന ഷൈജൻ വിദേശമദ്യം വാങ്ങി വില്പന നടത്തുന്നതായ വാടാനപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. ജയപ്രസാദിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ പി.ബി. ദക്ഷിണാ മൂർത്തിയുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം ഇന്നലെ ഉച്ചയ്ക്ക് 12 എത്തി സമീപം കിടന്നിരുന്ന ടെന്പോ ട്രാവലറുകളിലും പരിസരത്തും പരിശോധന നടത്തിയെങ്കിലും ഒന്നും ലഭിച്ചില്ല.
സംശയം തോന്നി താക്കോൽ വാങ്ങി കെട്ടിടത്തിനു പിൻവശത്തെ പൊതുശൗചാലയം തുറന്നു പരിശോധിച്ചപ്പോഴാണ് ചാക്കിൽ സൂക്ഷിച്ചിരുന്ന 60 കുപ്പികളിലായി 30 ലിറ്റർ വിദേശമദ്യം കണ്ടെടുത്തത്.സമീപത്തുനിന്നാണ് മദ്യവിൽപന നടത്തിയിരുന്ന ഷൈജനെ പിടികൂടിയതെന്ന് എക്സൈസ് ഉദ്യാഗസ്ഥർ പറഞ്ഞു.
ബിവറേജിൽ നിന്നും വാങ്ങി അവധി ദിനങ്ങളിൽ ഉയർന്ന വിലയ്ക്കു വില്പന നടത്തി വരുകയായിരുന്നു ഇയ്യാൾ. ഷൈജനെ നേരത്തേ സമാനമായ കേസുകളിൽ രണ്ടു തവണ അറസ്റ്റു ചെയ്തിട്ടുണ്ട്.ഒന്നാം തിയതിയും ഒഴിവ് ദിവസങ്ങളിലും പരിസരത്ത് തിരക്ക് കൂടുന്നതും മദ്യവിൽപ്പനയും എക്സൈസ് നിരീക്ഷിച്ചു വരികയായിരുന്നു.
ഈ കെട്ടിടത്തിലാണ് മൃഗാശുപത്രിയും പ്രവർത്തിക്കുന്നത്. ശൗചാലയത്തിന്റെ ഒരു താക്കോൽ ഷൈജൻ കൈവശം വച്ചാണ് റൂമിനുള്ളിൽ സൂക്ഷിച്ച് വിൽപ്പന നടത്തിവന്നിരുന്നത്. ജനപ്രതിനിധികളെ വിളിച്ചു വരുത്തി പുട്ട് തുറന്നാണ് മദ്യം പിടിച്ചെടുത്തത്.
റേഞ്ച് ഇൻസ്പെക്ടർ പി.ജയപ്രസാദിന്റെ നേതൃത്വത്തിൽ വ്യാജമദ്യ വിൽപന തടയുന്നതിനായി 24 മണിക്കൂറും ശക്തമായ പട്രോളിംഗ് നടത്തുന്നുണ്ടെന്ന് ഇൻസ്പെക്ടർ അറിയിച്ചു.
ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ ടി.ആർ. സുനിൽ, പി.എ. വിനോജ്., സിവിൽ എക്സൈസ് ഓഫീസർമാരായ ജെയ്സണ് പി. ദേവസി, സി.ഡി. കലാദാസ്.വനിത സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എൻ. നീതു, പി.എ. ബിജി, എക്സൈസ് ഡ്രൈവർ രാജേഷ് എന്നിവർ പ്രതിയെ പിടികൂടുന്ന സംഘത്തിൽ ഉണ്ടായിരുന്നു.